

കൊച്ചി: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ ജനങ്ങള്‍ ഏറ്റവുമധികം റേറ്റിങ് നല്‍കിയത് വനിതാ എംഎല്‍എ മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ കെ ശൈലജയ്ക്ക്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മണ്ഡലത്തിലെ എംഎൽഎയായ കെ കെ ശൈലജയ്ക്ക് 81.8 പോയിൻ്റാണ് റേറ്റിങ്ങായി ലഭിച്ചത്. നിപയും കൊവിഡ് മഹാമാരിയുമെല്ലാം ജനങ്ങളെ പിടിച്ചുലച്ച സമയത്ത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ അടിപതറാതെ പിടിച്ചുനിര്‍ത്തിയ ശൈലജയുടെ നേതൃപാടവത്തിന് കേരളം സാക്ഷിയായിരുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകരാജ്യങ്ങള്‍ വരെ പ്രശംസിക്കുന്ന തലത്തിലേക്കുയര്‍ത്താന്‍ കെ കെ ശൈലജയുടെ ഇടപെടലുകൾക്ക് സാധിച്ചിരുന്നു.
റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ ജനങ്ങള്‍ ഏറ്റവുമധികം വോട്ട് നല്‍കിയ വനിതാ എംഎല്‍എമാരില്‍ രണ്ടാം സ്ഥാനത്തുളളത് ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ കെ രമയാണ്. 81.3 പോയിൻ്റാണ് കെ കെ രമ കരസ്ഥമാക്കിയത്. യുഡിഎഫ് മുന്നണിയുടെ രണ്ട് വനിതാ എംഎല്‍എമാരില്‍ ഒരാളായ രമ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. പിന്നീട് സഹപ്രവർത്തകനായിരുന്ന ടി പി ചന്ദ്രശേഖരനുമായുളള വിവാഹത്തിനുശേഷം മുഖ്യധാര രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. സിപിഐഎം വിട്ട് ടി പി ചന്ദ്രശേഖരൻ ആർഎംപി രൂപീകരിച്ചപ്പോൾ പിന്തുണയുമായി കെ കെ രമ ഒപ്പമുണ്ടായിരുന്നു. പിന്നീട് 2012-ല്‍ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷമാണ് രമ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിച്ച രമ ആർഎംപിയുടെ നേതൃനിരയിലും സജീവമാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെയാണ് കെ കെ രമ നിയമസഭയിലെത്തിയത്.
കായംകുളം എംഎല്‍എ യു പ്രതിഭയാണ് ഏറ്റവുമധികം വോട്ട് ലഭിച്ച വനിതാ എംഎല്‍എമാരില്‍ മൂന്നാംസ്ഥാനത്ത്. 80.1 പോയിൻ്റ് നേടിയാണ് സർവേയിൽ പ്രതിഭ മൂന്നാം സ്ഥാനത്തെത്തിയത്. എസ്എഫ്ഐ പ്രവർത്തകയായിരുന്ന യു പ്രതിഭ 23-ാം വയസ്സിൽ തകഴി പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തകഴി പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചു. അന്ന് ചുരിദാര്‍ ധരിച്ചെത്തിയിരുന്ന പ്രതിഭയെന്ന ജനപ്രതിനിധി ജനങ്ങള്‍ക്ക് കൗതുകമായിരുന്നു. 2010-ല്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രതിഭ 2016-ലാണ് നിയമസഭയിലേക്ക് കായംകുളത്തുനിന്നും മത്സരിച്ചത്. അന്നുമുതല്‍ ഇന്നുവരെ തുടര്‍ച്ചയായ പത്തുവര്‍ഷവും കായംകുളം പ്രതിഭയെ കൈവിട്ടില്ലെന്നത് അവര്‍ക്ക് സ്വന്തം മണ്ഡലത്തിലുളള ജനകീയത വ്യക്തമാക്കുന്നതാണ്.
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയ്ക്ക് അവരുടെ നിയമസഭയിലെ പ്രകടനത്തിന് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ നല്‍കിയത് 76.1 പോയിൻ്റാണ്. ജനങ്ങളുടെ ഇഷ്ട എംഎൽഎയായിരുന്ന അവർ വനിതാ റിപ്പോർട്ടർ സർവേയിൽ വനിതാ എംഎൽഎമാരുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ്. 1995ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻ്റായി പൊതുപ്രവർത്തനം ആരംഭിച്ച കാനത്തിൽ ജമീല പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെയെല്ലാം അധ്യക്ഷ സ്ഥാനം വഹിച്ച വനിതയെന്ന അപൂർവ്വ നേട്ടവും കാനത്തിൽ ജമീലയ്ക്കുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെയാണ് കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ ആര്‍ ബിന്ദുവാണ് അഞ്ചാം സ്ഥാനത്തെത്തിയ വനിതാ എംഎൽഎ. 74.3 പോയിൻ്റാണ് മന്ത്രിക്ക് എംഎൽഎ എന്ന നിലയിൽ ജനം നൽകിയത്. ആറാമത് എത്തിയ കോങ്ങാട് എംഎൽഎ ശാന്തകുമാരിക്ക് 73.4 പോയിൻ്റാണ് ലഭിച്ചത്. തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് അവരുടെ നിയമസഭയിലെ പ്രകടനത്തിന് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ 72.8 പോയിൻ്റാണ് നൽകിയത്. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയ്ക്ക് 71.5 പോയിൻ്റും ലഭിച്ചു.
ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ്ജ് വനിതാ എംഎൽഎമാരിൽ ഒമ്പതാമതാണ്. 71.1 പോയിൻ്റാണ് മന്ത്രിക്ക് ലഭിച്ചത്. അരൂര്‍ എംഎല്‍എ ദലീമ ജോജോയാണ് വനിതാ എംഎൽഎമാരിൽ പത്താമതെത്തിയത്. 67.8 പോയിൻ്റാണ് ദലീമയ്ക്ക് ലഭിച്ചത്.
കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.
ഓൺലൈൻ ഇലക്ഷൻ സർവേയുടെ പൂർണഫലം കാണാൻ റിപ്പോർട്ടർ വെബ്സൈറ്റ് സന്ദർശിക്കുക
Content Highlights: Reporter online survey first 10 women MLA s as people s choice