

തിരുവനന്തപുരം: ഒഡീഷയിലെ റായ്ഗഡിൽ സെന്റ് പൗള മോണ്ടെൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്. ആക്രമണം നടത്തിയ ഹിന്ദുത്വ തീവ്രവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് തിരുവനന്തപുരം കത്തോലിക്കാ കോൺഗ്രസ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അൾത്താരയിൽ കയറി ആക്രമണം നടത്തിയവർ തിരുസ്വരൂപങ്ങൾ, വിശുദ്ധ വസ്തുക്കൾ, ബൈബിൾ, ആരാധനാ പുസ്തകങ്ങൾ എന്നിവ തീയിട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വികാരി ജനറൽ റവ. ഡോ ജോൺ തെക്കേക്കര എന്നിവർ പങ്കെടുത്ത യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അക്രമികൾ ക്രിസ്തീയ കുടുംബങ്ങളിൽ കയറി ഭീഷണിപ്പെടുത്തുകയും പള്ളി ആക്രമിക്കുകയും ചെയ്തത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവും ക്രിമിനൽ കുറ്റകൃത്യവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഹിന്ദുത്വ തീവ്രവാദികളെ കയറൂരി വിടുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവർത്തിയെ യോഗം അപലപിക്കുകയും ഒഡീഷ സർക്കാർ ഇടപെട്ട് കുറ്റവാളികളെ ഉടൻ ശിക്ഷിക്കണമെന്ന ആവശ്യവും യോഗം ഉയർത്തിയിട്ടുണ്ട്.
തിരുവനന്തപുരം ലൂർദ് യൂണിറ്റ് പ്രസിഡന്റ് കെ എസ് ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, യൂണിറ്റ് സെക്രട്ടറി എബ്രഹാം ജോസ്, ട്രഷറർ ജോണി ജോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Content Highlights: The Catholic Congress issued a formal protest against the recent attack on a church in Odisha