പെരുമ്പളം പാലം ഉദ്ഘാടന ലിങ്ക് ഫേസ്ബുക്കിൽ നിന്ന് നീക്കി സുധാകരൻ; ലൈവ് ഇട്ടത് ജില്ലാ കമ്മിറ്റി ഓഫീസിലെ അഡ്മിൻ

അല്പസമയം മുൻപാണ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ ചടങ്ങിന്റെ ലൈവ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടത്

പെരുമ്പളം പാലം ഉദ്ഘാടന ലിങ്ക് ഫേസ്ബുക്കിൽ നിന്ന് നീക്കി സുധാകരൻ; ലൈവ് ഇട്ടത് ജില്ലാ കമ്മിറ്റി ഓഫീസിലെ അഡ്മിൻ
dot image

ആലപ്പുഴ: പെരുമ്പളം പാലം ഉദ്‌ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കി ജി സുധാകരൻ. സുധാകരന്റെ അറിവോടെയല്ല ചടങ്ങിന്‍റെ സംപ്രേഷണം പേജിൽ പങ്കുവെച്ചതെന്നാണ് വിവരം. പിന്നാലെ നീക്കുകയായിരുന്നു.

ജി സുധാകരന്‍റെ അനുമതിയില്ലാതെ ലൈവ് ഇട്ടത് സിപിഐഎം ജില്ലാ കമ്മിറ്റിയിലെ അഡ്മിൻ ആണെന്നാണ് വിവരം.

അല്പസമയം മുൻപാണ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ ചടങ്ങിന്റെ ലൈവ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടത്. പാർട്ടിയുമായി അഭിപ്രായവ്യത്യാസം നിലനിൽക്കെ സുധാകരന്റെ ഈ നീക്കം അമ്പരപ്പുണ്ടാക്കിയിരുന്നു. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ജി സുധാകരനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാൽ അനാരോഗ്യം മൂലം വരാൻ കഴിയില്ല എന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. ചടങ്ങിന്റെ നോട്ടീസിൽ സുധാകരന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജി സുധാരനെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജി സുധാകരനെ നേരില്‍ കാണുമോ എന്നതിലാണ് ആകാംക്ഷ.

തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ കൂടക്കാഴ്ച്ചയിലാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കറിനോടും നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ജി സുധാകരനുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. പാര്‍ട്ടിക്കും മുന്നണിക്കും സഹായകരമായ സമീപനം തന്നെയാണ് ഉണ്ടാവുകയെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചത്. ജി സുധാകരന്‍ പാര്‍ട്ടിയില്‍ തങ്ങളുടെയൊക്കെ നേതാവാണ്. സംസ്ഥാന സെക്രട്ടറി അദ്ദേഹവുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും എംഎ ബേബി പറഞ്ഞു.

Content Highlights: Facebook live of Perumbalam bridge inauguration removed from G. Sudhakaran’s page; reports say CPM district committee admin posted it without permission.

dot image
To advertise here,contact us
dot image