'കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ ആളുകളെ എത്തിച്ച് വോട്ട് ചേര്‍ത്തു'; യുഡിഎഫിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ

അതിര്‍ത്തി പഞ്ചായത്തുകളില്‍ വലിയ തോതിലുള്ള വോട്ട് ചേര്‍ക്കലാണ് ഉണ്ടായതെന്നും കെ സുരേന്ദ്രൻ

'കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ ആളുകളെ എത്തിച്ച് വോട്ട് ചേര്‍ത്തു'; യുഡിഎഫിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ
dot image

മലപ്പുറം: മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് വ്യാപകമായി അനധികൃത വോട്ടുകള്‍ ചേര്‍ത്തു എന്ന ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി. കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ ആളുകളെ എത്തിച്ച് വോട്ട് ചേര്‍ത്തു എന്നും വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്തെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഉദ്യോഗസ്ഥരടക്കം അറിഞ്ഞുകൊണ്ട് ആസൂത്രിതമായി നടന്ന ക്രമക്കേടാണ് ഇതെന്നും തെളിവുകള്‍ സഹിതം നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കാസര്‍കോടും മഞ്ചേശ്വരത്തും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. അതിര്‍ത്തി പഞ്ചായത്തുകളില്‍ വലിയ തോതിലുള്ള വോട്ട് ചേര്‍ക്കലാണ് ഉണ്ടായത്. ചില ഉദ്യോഗസ്ഥരുടെയും ബിഎല്‍ഒമാരുടെയും സഹായം യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെല്ലാം അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനെത്തുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് അവര്‍ നടത്തിയ ഈ ക്രമക്കേട് മറയ്ക്കാനാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

മൂന്ന് മുന്നണികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. 1982 ല്‍ യുഡിഎഫ് മുന്നണി സംവിധാനത്തില്‍ മത്സരിക്കാന്‍ തുടങ്ങിയത് മുതല്‍ മുസ്‌ലിം ലീഗ് മത്സരിച്ച് വരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുസ്‌ലിം ലീഗ് ആദ്യമായി മഞ്ചേശ്വരത്ത് വിജയിച്ച 1987 മുതല്‍ ബിജെപി ഇവിടെ രണ്ടാമതാണ്. ഇതില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു ബിജെപിയുടെ കെ സുരേന്ദ്രന്‍ ഇവിടെ പരാജയപ്പെട്ടത്. 2016ല്‍ 89 വോട്ടിന് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എന്‍ഡിഎയ്ക്ക് 2021ലും നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം നഷ്ടപ്പെട്ടത്. 2016നെക്കാള്‍ 8232 വോട്ട് കൂടുതല്‍ നേടിയിട്ടും 2021ല്‍ കെ സുരേന്ദ്രന്‍ 745 വോട്ടിന് മുസ്‌ലിം ലീഗിന്റെ എകെഎം അഷ്‌റഫിനോട് പരാജയപ്പെടുകയായിരുന്നു.

ബിജെപിക്ക് സ്വാധീനമുള്ള കര്‍ണ്ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മഞ്ചേശ്വരം പിടിക്കുക എന്നത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള ലക്ഷ്യമാണ്. കെ ജി മാരാര്‍ മത്സരിച്ച 1991ലാണ് ബിജെപി ആദ്യമായി വിജയത്തിന് അടുത്തെത്തിയത്. 1072 വോട്ടിനായിരുന്നു അന്ന് കെ ജി മാരാര്‍ പരാജയപ്പെട്ടത്. കെ ജി മാരാരെ വിജയിപ്പിച്ചെടുക്കാന്‍ ബിജെപി നേതൃത്വം ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയുണ്ടാക്കിയെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സി കെ പത്മനാഭന്‍ ബിജെപിക്കായി മത്സരിക്കാനെത്തിയ 2001ല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപി മത്സരരംഗത്ത് ഇറങ്ങിയത്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു സികെപിയുടെ പരാജയം. ബിജെപി വിജയിക്കാതിരിക്കാനായി ഏറ്റവും കൂടുതല്‍ ക്രോസ് വോട്ടിംഗ് നടന്നത് ആ തെരഞ്ഞെടുപ്പിലാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പിന്നീട് കെ സുരേന്ദ്രന്‍ നേരിയ വോട്ടിന് പരാജയപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കരുതെന്ന നിലയിലുള്ള വോട്ടിംഗ് പാറ്റേണാണ് മഞ്ചേശ്വരത്ത് ഉണ്ടായത്. ഇത്തവണയും ബിജെപിയുടെ വിജയം തടയുക എന്ന തെരഞ്ഞെടുപ്പ് തന്ത്രത്തിന് തന്നെയാവും മഞ്ചേശ്വരത്ത് ഇടതുപക്ഷം സ്വീകരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം സിപിഐഎം ഈ ജാഗ്രത കാണിച്ചേക്കും.

Content Highlight; Former BJP state president K Surendran alleges widespread illegal vote-scoring by UDF

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us