ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് സതീശൻ നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണ: എം വി ഗോവിന്ദൻ

കേരളത്തില്‍ ഇതുവരെ ഒരു വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്ത് കൊല്ലാന്‍ ശ്രമിക്കുന്ന രീതി ഉണ്ടായിട്ടില്ല. ശക്തമായ ജനകീയ പ്രതിരോധമുണ്ടാകും

ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് സതീശൻ നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണ: എം വി ഗോവിന്ദൻ
dot image

ആലപ്പുഴ: ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് വി ഡി സതീശന്‍ നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ ആരോഗ്യമേഖല ലോകശ്രദ്ധ നേടുന്ന നിലയിലേക്ക് വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് താഴെ തലത്തില്‍ മുതല്‍ അവയവദാനം നടത്താന്‍ കഴിയുന്ന ജില്ലാ ആശുപത്രികള്‍ വരെയുള്ള വികസനമാണ്. രാജ്യത്ത് വേറെയൊരു സംസ്ഥാനത്തും ഇല്ലാത്ത സൗകര്യം കേരളത്തിലുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

ലോകോത്തര വളര്‍ച്ചയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച ആരോഗ്യ മേഖലയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ വലിയ മൂലധനം നല്‍കി വന്‍കിട കമ്പനികള്‍ വാങ്ങുകയാണ്. ഈ വാങ്ങുന്ന ലോബിക്ക് വേണ്ടിയാണ് കേരളത്തിലെ ഒരു വിഭാഗം സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ തിരിയുന്നത്. ആരോഗ്യ മേഖല ഒരു വലിയ സംവിധാനമാണ്. അതില്‍ ഇത്തരം ചില പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിച്ച് പോകാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കനഗോലു സിദ്ധാന്തമനുസരിച്ച് കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായത് എന്താണോ അതിനെ നിഷേധിക്കുക എന്നതാണ് യുഡിഎഫിന്റെ നിലപാട്. അത് ജനങ്ങള്‍ക്ക് മനസിലാകും. ജനങ്ങള്‍ ഫലപ്രദമായി അത് മനസിലാക്കുകയും ചെയ്യും. വീണാ ജോര്‍ജിന്റെ വീട് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗികമായി വീടിന് മുന്നില്‍ റീത്ത് വച്ചു. ആ റീത്ത് വച്ച വിഭാഗം തന്നെയാണ് കണ്ണൂരില്‍ നിന്ന് തിരിച്ച് പോവുകയായിരുന്ന ആരോഗ്യമന്ത്രിയെ കടന്നാക്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ആക്രമിക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ പരിപാടിയാണ് അവിടെ നടന്നത്. ആക്രമിച്ചു എന്നത് പകല്‍ വെളിച്ചം പോലെ സത്യമായി നില്‍ക്കുമ്പോളാണ് നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് അവര്‍ കരുതുന്നത്. യുഡിഎഫുകാര്‍ എപ്പോഴും പറയുന്ന കള്ളം ഇപ്പോളും ആവര്‍ത്തിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഒരു വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്ത് കൊല്ലാന്‍ ശ്രമിക്കുന്ന രീതി ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു സംഭവമുണ്ടാകുമ്പോള്‍ ശക്തമായ ജനകീയ പ്രതിരോധം തീര്‍ത്തുകൊണ്ടേ പ്രതിരോധിക്കാന്‍ കഴിയൂ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ വ്യാപകമായി രാഷ്ട്രീയസംഘർഷമുണ്ടായി.

Content Highlight; MV Govindan responds to attack on Veena George

dot image
To advertise here,contact us
dot image