നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം: വിമര്‍ശനവുമായി ഹൈക്കോടതി

എസ്‌ഐടിയെ മാറ്റി തടിയൂരാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റെയും ശ്രമമെന്നും വിമര്‍ശനമുണ്ട്

നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം: വിമര്‍ശനവുമായി ഹൈക്കോടതി
dot image

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ ഡോ. എംകെ റാമിനെ വിട്ടയച്ച സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് എതിരെയാണ് വിമര്‍ശനം. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചു.

അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിയെ രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതിയുടെ വിമര്‍ശനമുണ്ടായി.

എസ്‌ഐടിയെ മാറ്റി തടിയൂരാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റെയും ശ്രമമെന്നും വിമര്‍ശനമുണ്ട്. വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഡോ. എംകെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പൊലീസ് നല്‍കിയെന്നത് വിശദീകരിക്കണം. രേഖകള്‍ ഹൈക്കോടതിയിലെത്തിക്കാനും മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും. പ്രതിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആനുകൂല്യങ്ങള്‍ നേടിയെന്നും വിമര്‍ശനമുണ്ട്. അതിനാലാണ് പ്രതിക്ക് രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം നിതിന്‍ രാജിന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

തിങ്കളാഴ്ച കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ നിന്ന് വീണ്ടും റാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ തലശ്ശേരി കോടതി സാക്ഷ്യം വഹിച്ചത് നാടകീയ നീക്കങ്ങള്‍ക്കായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് റാം അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം പറഞ്ഞിരുന്നു.

Content Highlights: The Kerala High Court came down heavily on the police over the investigation into the Nithin Raj suicide case. The court questioned the conduct of the investigating officer, alleging that adequate efforts were not made to arrest the accused and expressing concern that the investigation appeared to favour the suspect.

dot image
To advertise here,contact us
dot image