

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ താരിഫുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ പ്രാബല്യത്തിലുള്ള താല്‍ക്കാലിക 10% ആഗോള ടാരിഫ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ താരിഫ് സംവിധാനം നടപ്പാക്കാനാണ് ട്രംപിന്റെ നീക്കം.
കഴിഞ്ഞ മാസം, നിര്‍ബന്ധിത തൊഴിലാളി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഏകദേശം 60 വ്യാപാര പങ്കാളികള്‍ക്ക് കുറഞ്ഞത് 10% അധിക താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ചയ്ക്കകം പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ നിലവിലെ 10% താല്‍ക്കാലിക താരിഫിനും പുതിയ നികുതി സംവിധാനത്തിനുമിടയില്‍ ഇടവേള ഉണ്ടാകില്ല. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും പദ്ധതിയില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യം ട്രംപിന്റെ ആഗോള താരിഫുകള്‍ അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ട്രേഡ് ആക്ട് പ്രകാരം 150 ദിവസം വരെ പ്രാബല്യത്തില്‍ ഇരിക്കാവുന്ന 10% ഇറക്കുമതി സര്‍ചാര്‍ജ് നടപ്പാക്കിയത്.
തുടര്‍ന്ന് യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ഈ താരിഫിനെയും ചോദ്യം ചെയ്‌തെങ്കിലും കേസ് നല്‍കിയവര്‍ക്ക് മാത്രമാണ് ആശ്വാസം ലഭിച്ചത്. മറ്റ് ഇറക്കുമതിക്കാര്‍ക്ക് താരിഫ് തുടര്‍ന്നും ബാധകമായി. പുതിയ താരിഫുകള്‍ നടപ്പാക്കുന്നതിലൂടെ നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും, താരിഫ് നയം തുടരുമെന്ന തന്റെ നിലപാട് ട്രംപ് കൂടുതല്‍ ശക്തമാക്കുകയാണ്.
ഇറക്കുമതി തീരുവകള്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അമേരിക്കന്‍ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താനും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനും ഈ തീരുവ അനിവാര്യമാണെന്നാണ് ട്രംപും ഉന്നത ഉദ്യോഗസ്ഥരും പറയുന്നത്.
ഈ ആഴ്ച, കാനഡയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് 50% ടാരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇത് അമേരിക്കയുടെ വടക്കന്‍ അയല്‍രാജ്യമായ കാനഡയുമായുള്ള ട്രംപിന്റെ ദീര്‍ഘകാല വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുന്ന നടപടിയാണ്. അതേസമയം, കഴിഞ്ഞ ആഴ്ച ബ്രസീലില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്താനും അമേരിക്ക നീക്കം നടത്തിയിരുന്നു.
അമേരിക്കന്‍ വ്യാപാര പ്രതിനിധി ഓഫീസ് നിര്‍ദേശിച്ച നിര്‍ബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കെതിരായ നടപടിയുടെ ഭാഗമായി, കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍, തായ്വാന്‍ ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. അതേസമയം, ചൈന, ഇന്ത്യ, ജപ്പാന്‍ പോലുള്ള മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 12.5% താരിഫ് ബാധകമാക്കാനും നിര്‍ദേശമുണ്ട്.
Content Highlights: Trump administration is preparing new tariffs on dozens of economies, including India, China, Japan, and Canada, as it aims to strengthen US manufacturing while facing criticism over potential price increases for consumers