

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം തളിപ്പറമ്പില്‍ എന്‍ സുകന്യ ജനവിധി തേടിയേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമാണ് എന്‍ സുകന്യ. എം വി ഗോവിന്ദന്റെ ഭാര്യ വി കെ ശ്യാമളയുടെ പേര് ഒരു വിഭാഗം ചര്‍ച്ചക്ക് വെച്ചെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെന്നാണ് വിവരം.
പാര്‍ട്ടി ഫണ്ട് വിവാദമുണ്ടായ പയ്യന്നൂരില്‍ ടി ഐ മധുസൂദനനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു ടി ഐ മധുസൂദനനെതിരായ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പയ്യന്നൂരില്‍ സിപിഐഎം വിമതര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഇതിനിടെയാണ് ടി ഐ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം മുന്‍ മന്ത്രി കെ കെ ശൈലജയും സ്പീക്കര്‍ എന്‍ ഷംസീറും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പേരാണ് പരിഗണനയിലുള്ളത്. പേരാവൂരില്‍ കെ കെ ശൈലജയെ പരിഗണിച്ചേക്കും. തലശേരിയില്‍
കാരായി രാജന്റെ പേരാണ് പരിഗണനയിലുള്ളത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന കാര്യത്തില്‍ പിബി തീരുമാനമെടുക്കും.
Content Highlights: assembly election N Sukanya may contest in Taliparamba