എട്ട് സെന്‍റിൽ 1041 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ; വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ

നിർമാണത്തിന് മുമ്പായി ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും ഇവിടെ പൂർത്തിയാക്കിയെന്ന് എംഎൽഎ വ്യക്തമാക്കി

എട്ട് സെന്‍റിൽ 1041 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ; വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ
dot image

കുന്നമ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ സർവവും നഷ്ടമായവർക്ക് കൈത്താങ്ങായി കെപിസിസിയും. കെപിസിസി വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടീൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിലെ കുന്നമ്പറ്റയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും. നൂറു വീടുകളിൽ പകുതിയുടെ തറക്കല്ലിടലാണ് നാളെ നടക്കുകയെന്ന് ടി സിദ്ധിഖ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. നിർമാണത്തിന് മുമ്പായി ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും ഇവിടെ പൂർത്തിയാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിരമായ മണ്ണിൽ ശാസ്ത്രീയമായ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിലേക്ക് എല്ലാവരേയും എംഎൽഎ സ്വാഗതം ചെയ്തിട്ടുണ്ട്.

എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. ഇതിൽ മൂന്ന് കിടപ്പുമുറികൾ, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങളും ഉണ്ടാകും. ഭാവിയിൽ ഒരുനില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി താമസക്കാർക്ക് അധിക വരുമാനം ഉറപ്പാക്കാൻ പുറത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന കോണിപ്പടികൾ ഈ വീടുകളുടെ സവിശേഷതയാണെന്നും ടി സിദ്ധിഖ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വയനാടിന്റെ മണ്ണിൽ അതിജീവനത്തിന്റെ പുതിയൊരു പുലരി; തകർന്ന സ്വപ്നങ്ങൾക്ക് കെപിസിസിയുടെ കൈത്താങ്ങ്.
മുണ്ടക്കൈയുടെയും ചൂരൽമലയുടെയും മണ്ണിൽ പ്രളയം ബാക്കിവെച്ചത് വലിയൊരു ശൂന്യതയായിരുന്നു. പക്ഷേ, ആ ശൂന്യതയിൽ പ്രത്യാശയുടെ വിത്തുകൾ പാകാൻ കോൺഗ്രസ് പ്രസ്ഥാനം കൂടെയുണ്ട്. കെപിസിസി വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ ഒന്നാം ഘട്ടം ഇവിടെ യാഥാർത്ഥ്യമാകുന്നു.


വാഗ്ദാനമല്ല, ഇത് വയനാടിനോടുള്ള ഹൃദയബന്ധം!
ലോക്‌സഭാ പ്രതിപക്ഷ നേതാവ് പ്രിയപ്പെട്ട രാഹുൽ ഗാന്ധി അന്ന് ദുരന്തഭൂമിയിൽ നൽകിയ വാക്ക് 'ഞങ്ങൾ നിങ്ങളെ ഒറ്റയ്ക്കാക്കില്ല' ഇന്ന് പുതിയൊരു ചരിത്രമായി മാറുകയാണ്. നാളെ (ഫെബ്രുവരി 26, വ്യാഴാഴ്ച) ഉച്ചയ്ക്ക് 2.30-ന് മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലെ വർക്ക് സൈറ്റിൽ 100 വീടുകളിൽ പകുതിയുടെ തറക്കല്ലിടൽ കർമ്മം നടക്കുന്നു.


എന്താണ് ഈ മാതൃകാ ഗ്രാമത്തിന്റെ പ്രത്യേകതകൾ?
ഇതൊരു വെറും പാർപ്പിട പദ്ധതിയല്ല, മറിച്ച് ശാസ്ത്രീയമായി വിഭാവനം ചെയ്ത ഒരു സുരക്ഷിത ലോകമാണ്.
ശാസ്ത്രീയമായ അടിത്തറ:
നിർമ്മാണത്തിന് മുൻപായി വിശദമായ ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും ഇവിടെ പൂർത്തിയാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിരമായ മണ്ണിൽ ശാസ്ത്രീയമായ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിക്കഴിഞ്ഞു.
സ്വാഭാവിക രൂപകൽപ്പന:
വയനാടിന്റെ മലനിരകളുടെ ഭംഗി നിലനിർത്തിക്കൊണ്ട്, ഭൂമിയുടെ സ്വാഭാവിക ചരിവിനെ മാനിച്ചാണ് ആർക്കിടെക്റ്റ് വിനോദ് സിറിയക് ഈ ഗ്രാമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മനോഹരമായ വീടുകൾ:
എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ. മൂന്ന് കിടപ്പുമുറികൾ, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങൾ.


ഭാവിയിലേക്കൊരു കരുതൽ:
ഭാവിയിൽ ഒരു നില കൂടി പണിയാൻ സാധിക്കുന്ന വിധമാണ് ഇതിന്റെ സ്ട്രക്ചർ. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി താമസക്കാർക്ക് അധിക വരുമാനം ഉറപ്പാക്കാൻ പുറത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന കോണിപ്പടികൾ ഈ വീടുകളുടെ സവിശേഷതയാണ്.


കൂട്ടായ്മയുടെ ഇടങ്ങൾ:
അയൽപക്കക്കൂട്ടായ്മകൾക്കായി ലാൻഡ്സ്‌കേപ്പുകളും സ്റ്റെപ്പുകളും, 6 മീറ്റർ വീതിയുള്ള റോഡുകൾ, ഗ്രാമമധ്യത്തിൽ പാർക്കും കമ്മ്യൂണിറ്റി സ്‌പേസും. പരിസ്ഥിതി സൗഹൃദമായ ഹരിത ബഫർ സോണുകളും സമൂഹ കൃഷിക്കും പശുവളർത്തലിനുമായി പ്രത്യേക ഇടങ്ങളും ഇവിടെയുണ്ടാകും.


നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ:


ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുമ്പോൾ, വയനാടിന്റെ പ്രിയങ്കരി ശ്രീമതി പ്രിയങ്ക ഗാന്ധി എംപി. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് ശ്രീ പികെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളും യുഡിഎഫ് പ്രതിനിധികളും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കുന്നമ്പറ്റയിലെത്തുന്നു.


തകർന്നുപോയ ജീവിതങ്ങളെയും സ്വപ്നങ്ങളെയും കോർത്തെടുക്കാനുള്ള സ്‌നേഹത്തിന്റെ നിർമ്മാണമാണിത്. സുസ്ഥിരമായ നിർമ്മാണം, സുരക്ഷിതമായ ജീവിതം… വയനാടിന് കരുതലായി കെപിസിസി സമർപ്പിക്കുന്ന ഈ മാതൃകാ ഗ്രാമം അതിജീവനത്തിന്റെ പുതിയൊരു അടയാളമാണ്. വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ഞങ്ങളുടെ രാഷ്ട്രീയം. കൂടെയുണ്ടാകും, എന്നും.
സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു…


വയനാടിന്റെ അതിജീവന ചരിത്രത്തിലെ ഈ സുപ്രധാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളെയും കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് സുഹൃത്തുക്കളെയും നാളെ ഉച്ചയ്ക്ക് 2.30-ന് കുന്നമ്പറ്റയിലെ വർക്ക് സൈറ്റിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു. നമുക്ക് ഒരുമിച്ച് നിൽക്കാം, വയനാടിന്റെ പുനർനിർമ്മാണത്തിനായി…

Content Highlights: KPCC has launched the Mathruka Gramam project, a welfare initiative focused on supporting survivors of the Mundakai Landslide

dot image
To advertise here,contact us
dot image