

കോട്ടയം: നിഷ ജോസ് കെ മാണി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണി. അങ്ങനെ പറയുന്നത് ഒരു രോഗമാണെന്ന് തോന്നുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമെല്ലാം വരുമ്പോൾ നിഷ മത്സരിക്കാൻ പോകുന്നുവെന്ന് പറഞ്ഞുകേൾക്കാം. ഇത് ഒരു രോഗത്തിന്റെ ഭാഗമാണ്. നിഷേധിച്ച് തനിക്ക് മടുത്തു. ഇനി നിഷേധിക്കാൻ ആരോഗ്യമില്ല. ഇത് ചിലർ മനഃപ്പൂർവ്വം പ്രചരിപ്പിക്കുന്നതായാണ് തോന്നുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
എല്ലാം ചില വ്യഖ്യാനങ്ങളാണ്. ഏറ്റവും കൂടുതൽ നരേറ്റീവ് വരുന്നത് പാലായിലാണ്. അതിനാൽ തന്നെ മാധ്യമങ്ങൾക്ക് ഏറ്റവും കൂടുതൽ വാർത്ത കിട്ടുന്നതും പാലായിലാണെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം ബാറുകളുടെ സമയം പുനഃക്രമീകരിച്ച വിഷയത്തിലും ജോസ് കെ മാണി പ്രതികരിച്ചു. എന്തായിരുന്നോ യുഡിഎഫ് കാലത്തെ എക്‌സൈസ് നയത്തിൽ ഉണ്ടായിരുന്നത് അതിനകത്ത് ഒരു മാറ്റവും വരുത്തിയിട്ടില്ല. ചട്ടങ്ങൾ ക്രമീകരിച്ചുവെന്നേ ഉള്ളൂ. ടൂറിസ്റ്റ് മേഖലകളിൽ ഉള്ള സമയം മറ്റെല്ലായിടങ്ങളിലേക്കും ക്രമീകരിച്ചതാണ്. അതിനകത്ത് ഉണ്ടായിരുന്ന വിവേചനമാണ് ക്രമീകരിച്ചത്. പൂർണമായ നിരോധനമൊന്നും ഇക്കാര്യത്തിൽ നടപ്പാക്കാനാകില്ലല്ലോ എന്നും ജോസ് കെ മാണി പറഞ്ഞു.
Content Highlights: kerala congress (M) leader Jose K Mani says that it is a disease to say that Nisha Jose K Mani will contest