

കൊച്ചി: ഐഎന്‍ടിയുസി മുഖപത്രത്തില്‍ ലേഖനമെഴുതിയതിന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് എസ് ശിവകുമാറിനെ പ്രതികാര നടപടിയുടെ ഭാഗമായി കാസര്‍കോട്ടേയ്ക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സ്ഥലംമാറ്റം റദ്ദാക്കിയെങ്കിലും മറ്റ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജീവനക്കാരുടെ അച്ചടക്കം പ്രധാനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥാപനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി വേണം പൊതുവിടങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍. എന്നാല്‍ ജീവനക്കാര്‍ നിശബ്ദരായിരിക്കുമെന്ന് സ്ഥാപനം കരുതരുത്. ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് അഭിപ്രായ പ്രകടനം. അച്ചടക്ക നടപടി ഏകപക്ഷീയമാകരുത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയാണ് എന്നും ഹൈക്കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴുള്ള പ്രതീക്ഷയും പങ്കുവെച്ചായിരുന്നു ലേഖനം. ഇത് കെഎസ്ആര്‍ടിസിയെ അപമാനിക്കുന്നതാണ് എന്ന് കണ്ടെത്തിയായിരുന്നു കോര്‍പ്പറേഷന്‍ മാനേജ്മെന്റിന്റെ സ്ഥലംമാറ്റ നടപടി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണ് അഭിപ്രായ സ്വാതന്ത്രമെന്നും ജീവനക്കാരന് സ്ഥാപനത്തെ ബാധിക്കാത്ത രീതിയില്‍ ലേഖനമെഴുതാന്‍ അവകാശമുണ്ട് എന്നുമായിരുന്നു എസ് ശിവകുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെപി സതീശന്റെ വാദം. വസ്തുതകള്‍ക്ക് വിരുദ്ധവും കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ് ലേഖനം എന്നുമായിരുന്നു കെഎസ്ആര്‍ടിസി ഉയര്‍ത്തിയ വാദം.
Content Highlights- INTUC cancelled the transfer order issued against the Transport Workers Union district secretary following the publication of an article in its official mouthpiece.