ദേശീയ പണിമുടക്കിനെ പിന്തുണച്ച രാഹുൽ; ഇങ്ങനെ ഒന്ന് ഇന്ത്യയിൽ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് ചോദിച്ച സതീശൻ

ദേശീയപണിമുടക്കിന് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ എവിടെയെങ്കിലും നടക്കുമോ എന്നായിരുന്നു സതീശന്‍ ചോദിച്ചത്

ദേശീയ പണിമുടക്കിനെ പിന്തുണച്ച രാഹുൽ; ഇങ്ങനെ ഒന്ന് ഇന്ത്യയിൽ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് ചോദിച്ച സതീശൻ
dot image

കൊച്ചി: തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശീയ പണിമുടക്കിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ നേര്‍ വിപരീത നിലപാടായിരുന്നു കേരളത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചത്. കര്‍ഷകരും തൊഴിലാളികളും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തെരുവിലാണെന്നും താന്‍ അവര്‍ക്കൊപ്പമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ കേരളത്തിലല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് എക്‌സിലൂടെയായിരുന്നു രാഹു ഗാന്ധിയുടെ പ്രതികരണം. രാജ്യമാകെയുള്ള ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തെരുവുകളിലാണെന്നും താന്‍ അവരുടെ പോരാട്ടത്തിനൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു. പുതിയ തൊഴില്‍ നിയമങ്ങള്‍ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുകയാണ്. ഇന്ത്യ-യുഎസ് കരാര്‍ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ഗ്രാമങ്ങള്‍ക്കുള്ള അവസാന പിന്തുണയേയും എടുത്തുകളയും. അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുത്തപ്പോള്‍ നിങ്ങള്‍ അവരുടെ ശബ്ദം കേട്ടില്ല. മോദിജി ഇനിയെങ്കിലും അവരെ കേള്‍ക്കുമോയെന്നും അതോ അവരുടെ മേലുള്ള നീരാളിപ്പിടുത്തം ശക്തമാക്കുമോ എന്നും രാഹുല്‍ ചോദിച്ചിരുന്നു.

കോഴിക്കോട് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട തന്റെ നിലപാട് വി ഡി സതീശന്‍ അറിയിച്ചത്. ദേശീയ പണിമുടക്ക് കേരളത്തില്‍ വരുമ്പോള്‍ മാത്രം ബന്ദിനും ഹര്‍ത്താലിനും സമാനമായ രീതിയില്‍ ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് മാറുകയാണെന്ന് സതീശന്‍ പറഞ്ഞു. കാലഹരണപ്പെട്ട കുറേ കാര്യങ്ങള്‍ക്ക് മാറ്റം വരേണ്ടതുണ്ടെന്നും സതീശന്‍ പറഞ്ഞു. പണിമുടക്കിന്റെ പേരില്‍ പുതുയുഗ യാത്ര മാറ്റിവെയ്ക്കില്ലെന്നും സതീശന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പണിമുടക്ക് ദിവസം പുതുയുഗ യാത്ര മാറ്റിവെയ്ക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതുയുഗ യാത്രയുമായി മുന്നോട്ടെന്ന നിലപാടായിരുന്നു സതീശന്‍ സ്വീകരിച്ചത്.

ദേശീയ പണിമുടക്കമുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സമരത്തിനൊപ്പമാണെന്ന് പറയുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് ഐഎന്‍ടിയുസിയെ തടയുകയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. തൊഴിലാളി താല്‍പര്യങ്ങളേക്കാള്‍ രാഷ്ട്രീയ നേട്ടത്തിനാണ് സതീശന്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞത്.

Content Highlights- Rahul Gandhi voiced support for the national strike, while Opposition Leader V. D. Satheesan questioned whether a similar protest was taking place anywhere else in India.

dot image
To advertise here,contact us
dot image