സാമാന്യ യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല; സച്ചിദാനന്ദനെതിരെ കരിവെള്ളൂർ മുരളി

സച്ചിദാനന്ദൻ മാഷെയും സാറ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്ന് കരിവെള്ളൂർ മുരളി

സാമാന്യ യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല; സച്ചിദാനന്ദനെതിരെ കരിവെള്ളൂർ മുരളി
dot image

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം വേണ്ടെന്ന നിലപാടിൽ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദനെയും അദ്ദേഹത്തെ പിന്തുണച്ച സാഹിത്യകാരി സാറാ ജോസഫിനെയും വിമർശിച്ച് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. സാമാന്യ യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ലെന്നും സച്ചിദാനന്ദൻ മാഷെയും സാറ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂർ മുരളി പറഞ്ഞു.

പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമ്മയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദൻ മാഷ് തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂർ മുരളി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കുറിപ്പ്. 30 കൊല്ലം തുടർച്ചയായി കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഒരു ലോകമഹായുദ്ധത്തിൽ മരിച്ചു വീഴുന്നത്രയും മനുഷ്യരെ വെടിവെച്ചും കഴുമരത്തിലേറ്റിയും കൊന്നുതീർത്തിട്ടും കോൺഗ്രസ്സിനെ രക്ഷിക്കാൻ അവർക്ക് തുടർഭരണം നൽകരുതെന്ന ഈ വിചിത്ര മുദ്രാവാക്യം ആരും ഉയർത്തിയില്ലല്ലോ. 15 വർഷം തുടർഭരണം പൂർത്തിയാക്കാനൊരുങ്ങുന്ന ബിജെപിയുടെ ഫാസിസ്റ്റ് സർക്കാരിന്റെ തുടർച്ചയെക്കുറിച്ചും നമ്മുടെ ആസ്ഥാന ബുദ്ധിജീവികൾക്ക് പരാതിയില്ലല്ലോയെന്നും കുറിപ്പിൽ പറയുന്നു. 'സച്ചിദാനന്ദൻ മാഷ് എന്താണ് പറയുന്നത്?' എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെന്ന പേരിൽ അക്കമിട്ട് പല വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

കരിവെള്ളൂർ മുരളിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സച്ചിദാനന്ദൻ മാഷ് എന്താണ് പറയുന്നത്?

സിപിഐഎം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണം, കോൺഗ്രസ് മുഴുവൻ ബിജെപിയിലേക്ക് പോയി നശിക്കാതിരിക്കാൻ കോൺഗ്രസിന് ഭരണം ലഭിക്കണം. അതിന് സിപിഐഎം നശിക്കാതെ എന്നെന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസ്സിന് വോട്ടുചെയ്യണം. കാരശ്ശേരി മാഷ് തുടങ്ങി വെച്ച വിചിത്രമായ ഒരു മുദ്രാവാക്യത്തോടൊപ്പം ഇത്തവണ വീണ്ടും കൈ പൊക്കുന്നത് സച്ചിദാനന്ദൻ മാഷും സാറടീച്ചറുമാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ രക്ഷിക്കാൻ കോൺഗ്രസ്സിന് വോട്ടുചെയ്യണമെന്ന കാരശ്ശേരിയുടെ കൗശല മുദ്രാവാക്യം ഒരു കോറസ്സായിരുന്നു. അതിൽ കോൺഗ്രസ്സുകാരായി അറിയപ്പെടുന്ന ചില എഴുത്തുകാരും ഒപ്പമുണ്ടായിരുന്നു. പിന്നെ കോൺഗ്രസ്സാണോ ആർ.എം.പിയാണോ എന്ന് അവർക്കും മറ്റുള്ളവർക്കും ഉറപ്പില്ലാത്ത ചിലരും. സച്ചിദാനന്ദൻമാഷും ഇതേ കാര്യം പറഞ്ഞിരുന്നെങ്കിലും ഇപ്പോഴുള്ളതുപോലെ ഒരു കാമ്പെയിൻ സ്വഭാവം അതിനുണ്ടായിരുന്നില്ല. സാമാന്യരാഷ്ട്രീയ ബോധമുള്ളവർക്കെല്ലാം അറിയാം ഒരു തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ വന്നു നിൽക്കുമ്പോൾ അതിന്റെ പ്രചാരണത്തിന് പല അടരുകളുണ്ടാകും. കോൺഗ്രസ്സ് അത് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനുമാണ് കോടികൾ മുടക്കി ഒരു കനഗോലുവിനെ ഇറക്കുമതി ചെയ്ത് തീറ്റിപ്പോറ്റുന്നത്.

കമ്യൂണിസ്റ്റുകാർ എന്നെങ്കിലും കേരളത്തിൽ അധികാരത്തിൽ വന്നാൽ കുടുംബത്തോടെ വിഷം കുടിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്ത കണ്ടത്തിൽ കുടുംബവും മലയാള മനോരമയും 1957 ഏപ്രിൽ 5 ന് ബാലറ്റിലൂടെ അധികാരത്തിൽ വന്ന ദിവസം വാക്കുപാലിക്കാതെ ഒരു മോന്ത വിഷം പിന്നിലേക്ക് മാറ്റിവെക്കുകയായിരുന്നു. ആ കമ്യൂണിസ്റ്റ് വിരുദ്ധ വിഷമാണ് അന്നുതൊട്ട് അവർ മലയാളികളെ കുടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത്രയും മാരകമായ ഇടതു വിരുദ്ധ നിലപാടുള്ള മനോരമയുടെ സർവ്വേയും റിപ്പോർട്ടും മുതൽ സച്ചിദാനന്ദൻ മാഷുടെ ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഗ്രഹവും ആഹ്വാനവും വരെ ഒരു തെരഞ്ഞെടുപ്പു വേളയിലെ ആസൂത്രിതമായ കാമ്പെയിനിന്റെ പല അടരുകൾ മാത്രമാണ്. ഇടതുപക്ഷത്തിനും സിപിഐഎമ്മിനുമെതിരെ മനോരമയുടെ വിഷലിപ്തമായ നാവുകൾ കൊണ്ടു മാത്രം പറഞ്ഞാൽ ഏൽക്കാത്തതുകൊണ്ടാവാണം, പല കാരണങ്ങളാൽ വിട്ടുപോയവരെക്കൊണ്ടു മുഴുവൻ അനുഭവമായും ആഖ്യാനമായും പാതി വെന്ത കഥകൾ മുഴുവൻ പാകപ്പെടുത്തി പറഞ്ഞു പരത്തുന്നത്.

ഒരു ചരിത്ര ദൗത്യം പൂർത്തിയാക്കിയ കോൺഗ്രസ് പിരിച്ചു വിടണമെന്ന് കോൺഗ്രസ്സിനോടും ഇന്ത്യയോടും പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഗാന്ധിജി പറഞ്ഞിട്ടും ആരും അതിന് തയ്യാറായില്ല. 1947 മുതൽ 1977 വരെ ഇന്ത്യയുടെ കേന്ദ്രഭരണവും മിക്കവാറും സംസ്ഥാനങ്ങളുടെ ഭരണവും കയ്യടക്കിവെച്ചത് കോൺഗ്രസ്സാണ്. 1967 ൽ മാത്രമാണ് 9 സ്റ്റേറ്റുകളിൽ കോൺഗ്രസ്സിതര സർക്കാരുകളുണ്ടായത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ നടപടിയായ അടിയന്തരാവസ്ഥ 21 മാസക്കാലം അടിച്ചേൽപ്പിച്ച് പത്രങ്ങളുടെ വായ മൂടിക്കെട്ടിയും പതിനായിരക്കണക്കിന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ തടവറകളിലിട്ട് കൊല്ലാക്കൊല ചെയ്തും എഴുത്തുകാരെയും കലാകാരരെയും പീഡിപ്പിച്ചും നൂറുകണക്കിന് യുവാക്കളെ അടിച്ചും ഇടിച്ചും ഉരുട്ടിയും കൊലപ്പെടുത്തിയും ചോരപ്പുഴകളൊരുക്കിയ അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ മാത്രമാണ് കോൺഗ്രസ് ആദ്യമായി കേന്ദ്രത്തിൽ സ്ഥാനഭ്രഷ്ടമാകുന്നത്. 30 കൊല്ലം തുടർച്ചയായും കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഒരു ലോകമഹായുദ്ധത്തിൽ മരിച്ചു വീഴുന്നത്രയും മനുഷ്യരെ വെടി വെച്ചും കഴുമരത്തിലേറ്റിയും കൊന്നു തീർത്തിട്ടും കോൺഗ്രസ്സിനെ രക്ഷിക്കാൻ അവർക്ക് തുടർഭരണം നൽകരുതെന്ന ഈ വിചിത്ര മുദ്രാവാക്യം ആരും ഉയർത്തിയില്ലല്ലോ.

1984 ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി സ്വന്തം വസതിയിൽ വെച്ച് അംഗരക്ഷകരാൽ കൊല്ലപ്പെട്ടപ്പോൾ അതുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത ആയിരക്കണക്കിന് സിക്കുകാരെ കുത്തിയും വെട്ടിയും പെട്രോളൊഴിച്ച് കത്തിച്ചും കൂട്ടക്കുരുതി നടത്തി വിഭജനകാലത്തെ കലാപത്തെ ഓർമ്മിപ്പിച്ച സിഖ് വംശഹത്യയുടെ ചോരക്കറയുള്ള കോൺഗ്രസ്സിനോട് ഏഴയലത്ത് തീപ്പെട്ടിയുരച്ചാൽ കത്തിപ്പടരുന്ന ഈ പഴയ വീരവിപ്ലവകാരികൾക്ക് ഇപ്പോൾ തോന്നുന്ന പ്രണയത്തിന്റെ അർത്ഥമെന്താണ്. ഒരു വന്മരം കടപുഴകുമ്പോൾ ഭൂമി കുലുക്കമുണ്ടാകും എന്ന് ആ വംശഹത്യയെ ന്യായീകരിച്ചത് രാജീവ് ഗാന്ധിയല്ലേ ..
1931ലെ കറാച്ചി സമ്മേളനത്തിൽ ഭൂപരിഷ്‌കരണം അംഗീകരിക്കുകയും കൃഷിഭൂമി കർഷകന് എന്ന തത്വം അജണ്ടയാക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്സ്. അരനൂററാണ്ടിലധികം ഇന്ത്യ ഭരിച്ചിട്ടും അത്ര തന്നെയും അതിലധികവും സംസ്ഥാനങ്ങൾ ഭരിച്ചിട്ടും 95 വർഷം കഴിഞ്ഞിട്ടും ഏതെങ്കിലും ഒരു സംസ്ഥാനത്തെങ്കിലും അത് നടപ്പാക്കിയിട്ടുണ്ടോ? അധികാരത്തിൽ വന്നപ്പോഴെല്ലാം അഴിമതിയുടെ ചെളിക്കുളങ്ങളിൽ തീപ്പന്നികളെപ്പോലെ മുങ്ങിത്തുടിച്ച് അടിസ്ഥാന ജനവർഗ്ഗങ്ങളെ ചതിച്ചു നിസ്വരാക്കിയ ചരിത്രമൊഴികെ എന്തുണ്ട് കോൺഗ്രസ്സിന് സ്വന്തമായി? നെഹ്‌റു ഗവണ്മെന്റിന്റെ കാലത്ത് തന്നെ പാർലിമെന്റിൽ അതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്സിന്റെ ശത്രു പട്ടികയിൽ എത്തിയ ആളല്ലേ രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ഫിറോസ് ഗാന്ധി.
അതേ പാതയിൽ അഴിമതിയും അക്രമവുമായി 2014 ൽ, 2019 ൽ, 2024 ൽ 15 വർഷം തുടർഭരണം പൂർത്തിയാക്കാനൊരുങ്ങുന്ന ബിജെപിയുടെ ഫാസിസ്റ്റ് സർക്കാരിന്റെ തുടർച്ചയെക്കുറിച്ചും നമ്മുടെ ആസ്ഥാന ബുദ്ധിജീവികൾക്ക് പരാതിയില്ലല്ലോ.

ഒരു കാര്യം വ്യക്തമാണ് 'ഇന്ത്യയെ വിഴുങ്ങുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ തലച്ചോറായി പ്രവർത്തിക്കുന്നത് ആർഎസ്എസ് ആണെങ്കിലും അതിന്റെ ശരീരം മുഴുവൻ പഴയ കോൺഗ്രസ്സുകാരാണ്. പഴയ പിസിസി പ്രസിഡന്റുമാർ, മുഖ്യമന്ത്രിമാർ, നൂറുക്കണക്കിന് എംപിമാർ, എംഎൽഎമാർ. ബിജെപിയുടെ റിക്രൂട്ടിംഗ് സെന്റർ ആയി മാറിയ കോൺഗ്രസ്സിനെ ജയിപ്പിക്കണം എന്ന് പറയുന്നത് ഭംഗ്യന്തരേണ ബിജെപിയെ ജയിപ്പിക്കണം എന്നു തന്നെയാണ്. ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്ക് വഴങ്ങാത്ത ഇടതുപക്ഷ ബദലിന്റെ ഒരേയൊരു ശുഭപ്രതീക്ഷാ മുനമ്പാണ് കേരളം. ഇടതുപക്ഷ സർക്കാരിനെ തകർത്ത് യുഡിഎഫിനെ ഭരണമേൽപ്പിക്കണമെന്നത് ബിജെപിയുടെ അജണ്ടയാണ്. കേരളം പിടിക്കുകയെന്ന ഫാസിസ്റ്റ് ലക്ഷ്യത്തിന്റെ പകുതി ദൂരം പിന്നിടുക എന്നാണ് അത്തരം ഒരു അജണ്ടയിലൂടെ അവർ ആഗ്രഹിക്കുന്നത്. 1992ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തെറിഞ്ഞ് അവിടെ പണിത രാമക്ഷേത്രത്തിന്റെ അടിത്തറയിൽ വെക്കാൻ വെള്ളിക്കട്ടികളുമായി ക്യൂനിന്നവരാണ് കേന്ദ്ര സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലുള്ളവരെല്ലാം. ഒരിക്കലും കേരളത്തിലേക്ക് കടന്നുകയറാൻ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന പദ്ധതികളെ തടയിടാൻ കോൺഗ്രസ്സിന് കഴിയില്ല.
ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണ്. ക്ഷമിക്കണം സർ, പക്ഷേ, കേരളത്തിലെ സാധാരണ മനുഷ്യർ നിങ്ങളുടെ അത്രയും ചിന്താശേഷിയും ബൗദ്ധികനിലവാരവും ഉള്ളവരാവണമെന്നില്ലെങ്കിലും അനുഭവം കൊണ്ടും ജീവിതം കൊണ്ടും അവർ ചില ബോദ്ധ്യങ്ങളിലെത്തിച്ചേർന്നിട്ടുണ്ട്.

1- 65 ലക്ഷത്തോളം സാധാരണക്കാരായ ജനങ്ങൾ സാമൂഹിക സുരക്ഷാ പെൻഷന്റെ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. അതിന് തുടർച്ച വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്.
2- മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലാ എന്ന വിലാപഗാനം കേട്ടുവളർന്ന 4 ലക്ഷം കുടുംബങ്ങൾക്ക് തലചായ്ക്കാൻ സർക്കാർ വീടൊരുക്കി കൊടുത്തിട്ടുണ്ട്. അതിന് തുടർച്ച വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്.
3- 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ പവർകട്ടും ലോഡ് ഷെഡിംഗും കൊണ്ട് ഇരുളിലാണ്ടു കിടന്ന കേരളത്തെ ഒരിക്കൽ പോലും വെളിച്ചം കെട്ടുപോകാത്ത നാടാക്കി മാറ്റിയത് അവർ കാണുന്നുണ്ട്. അതിന് അവർക്ക് തുടർച്ച വേണം.
4- യാത്രയ്ക്കുള്ള അവകാശം ജനാധിപത്യ അവകാശം കൂടിയാണ്. പാതാളക്കുഴികളായിരുന്ന റോഡുകളും വഴികളും സാർവ്വദേശീയ നിലവാരമുള്ള റോഡുകളായി മാറിയിട്ടുണ്ട്. കരകളെയും ദേശങ്ങളെയും ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് പാലങ്ങൾ ജീവിതത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അതിനും തുടർച്ച വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്.
5- ആശുപത്രികളെല്ലാം ഏറ്റവും ആധുനികമായ കെട്ടിടങ്ങളും സംവിധാനങ്ങളും കൊണ്ട് അതുല്യമായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങൾ 1 മുതൽ 12 വരെയും കേരളത്തിലാണ്. സൗജന്യമായി ചികിത്സ മാത്രമല്ല, സർജറികളും നൽകുന്ന ലോകത്തി ലെത്തന്നെ മികച്ച ആരോഗ്യ സംവിധാനത്തിന് തുടർച്ച വേണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കോവിഡ് പോലെ ഒരു മഹാമാരി വന്നപ്പോൾ കേരളത്തെ എൽഡിഎഫ് സർക്കാർ കാത്തതുപോലെ ഭാവിയിലും പ്രതിസന്ധി ഘട്ടത്തിൽ കാത്തുരക്ഷിക്കണമെന്ന് കേരളജനത ആഗ്രഹിക്കുന്നുണ്ട്.
6- മാറാടും പൂന്തുറയും വിഴിഞ്ഞവും എണ്ണമറ്റ വർഗ്ഗീയ കലാപങ്ങളും കൊണ്ട് രക്തപങ്കിലമായ നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കണമെന്നും ഒരു വർഗ്ഗീയ കലാപം പോലുമില്ലാത്ത 10 വർഷം പോലെ സമാധാനത്തിന്റെ നാളുകൾക്ക് തുടർച്ചയുണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
7- തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ പറ്റിയ തെറ്റ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരുവുകൾ മാലിന്യമലകൾ നിറഞ്ഞ് ദുസ്സഹമായിട്ടുണ്ട്. കോർപ്പറേഷനുകളുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ട്. സംസ്ഥാന ഭരണത്തിൽ ഭരണമികവിന്റെയും അച്ചടക്കത്തിന്റെയും തുടർച്ചയുണ്ടാവണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്.

ഇനിയും എഴുതിയാൽ അതൊരു ഗ്രന്ഥമായിത്തീരും. പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമ്മയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദൻ മാഷ് തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കും. എന്തായാലും ഇക്കാര്യത്തിൽ സാമാന്യ യുക്തിക്കു നിരക്കാത്ത ഈ രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല.

Content Highlights: Karivellur Murali against K Satchidanandan and Sara Joseph on their statement about cpim

dot image
To advertise here,contact us
dot image