'സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാതുപൊത്തില്ല, നിർദേശത്തെ ഗൗരവത്തോടെ കാണും'; ബിനോയ് വിശ്വം

എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ബിനോയ് വിശ്വം

'സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാതുപൊത്തില്ല, നിർദേശത്തെ ഗൗരവത്തോടെ കാണും'; ബിനോയ് വിശ്വം
dot image

കൊല്ലം: തുടർഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സച്ചിദാനന്ദൻ ഞങ്ങളുടെ സുഹൃത്താണ്. നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നും എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എം വി ഗോവിന്ദന്റെ പാവപ്പെട്ടവർ എന്ന പ്രയോഗത്തെ സംബന്ധിച്ചുള്ള പ്രസ്താവനയിലും ബിനോയ് വിശ്വം മറുപടി നൽകി. എൽഡിഎഫിന്റെ നേട്ടത്തെപ്പറ്റിയാണ് എം വി ഗോവിന്ദൻ സൂചിപ്പിച്ചത് എന്നും അതിദാരിദ്ര്യം ഇല്ലാതാക്കിയതിന് പിന്നാലെയുള്ള ലക്ഷ്യം ഇനി ഇതാണെന്നും ബിനോയ് വിശ്വം മറുപടി നൽകി. നല്ല ആശയത്തിന് മറ്റ് അർത്ഥങ്ങൾ നൽകരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർ എന്ന പ്രയോഗം ഉണ്ടാകില്ല എന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിനെതിരെയും ബിനോയ് വിശ്വം വിമർശനവുമായി രംഗത്തുവന്നു. യുഡിഎഫ് സ്വർണക്കൊള്ളയുടെ ഭാഗമായതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. പോറ്റി ശബരിമലയിൽ എത്തിയത് കെസി വേണുഗോപാലിന്റെ കാലത്താണ്. യുഡിഎഫ് കൺവീനർ, കോൺഗ്രസിന്റെ എംപി എന്നിങ്ങനെ ഭാഗമാകുന്നവരുടെ പരമ്പര നീണ്ടുകൊണ്ടിരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വർണക്കൊള്ള കേസിൽ പ്രതിയായ എ പത്മകുമാറിന്റെ കാര്യത്തിൽ എൽഡിഎഫ് പലവട്ടം തീരുമാനം പറഞ്ഞുകഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സച്ചിദാനന്ദന്റെ വിമർശനങ്ങളുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു. വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് തോമസ് ഐസക് പറഞ്ഞത്. തുടർഭരണത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്തിട്ടുണ്ട്. പല ഘട്ടങ്ങളിലായി പാർട്ടി ഇത് പരിശോധിക്കുന്നുമുണ്ട്. വ്യക്തിപരമായ പെരുമാറ്റ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിൽ പരിഹരിക്കും.ഇത്തരം പ്രവണതകളിൽ പാർട്ടി ജാഗ്രത പുലർത്തുന്നുമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നതിനർത്ഥം യുഡിഎഫിന് ജയിക്കാൻ അവസരം ഒരുക്കുന്നു എന്നതല്ല എന്നും വിമർശനങ്ങളെ അവസരങ്ങളായിട്ടാണ് കാണുന്നതെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

കേരളത്തിൽ തുടർഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

കോൺഗ്രസ് ആണ് പത്ത് വർഷം ഭരിച്ചതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇൻഡ്യ സഖ്യം ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വരുമ്പോൾ ബിജെപി ചിലപ്പോൾ പ്രതിപക്ഷമാകും, പിന്നീട് ഭരണം ലഭിച്ചേക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. മധ്യ, ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് പാർട്ടി സാധിച്ചുകൊടുക്കുന്നത്. സമുദായ സംഘടനകളുമായുള്ള ഐക്യപ്രകടനവും ആരായാലും ചെയ്യാൻ പാടില്ല. ഗുരുവിന്റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആർക്കും അംഗീകരിക്കാൻ കഴിയില്ല എന്നും സച്ചിദാനന്ദൻ പറഞ്ഞു. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടർച്ചയാണ് എന്നും അതിന് പകരം വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകൾ നിൽക്കുക എന്നത് പ്രധാനമാണ്. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകൾ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കിൽ പ്രതിപക്ഷത്തിരിക്കണമെന്നുമാണ് സച്ചിദാനന്ദൻ വ്യക്തമാക്കിയത്.

Content Highlights: CPI state secretary Binoy Viswam says the party will take poet K. Satchidanandan’s criticism seriously, adding that they do not expect praise and are open to suggestions

dot image
To advertise here,contact us
dot image