

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഊന്നിപ്പറഞ്ഞും കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള കടുത്ത അവഗണനയും വിവേചനവുമാണ് ബജറ്റിലൂടെ വെളിവാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത ധനമന്ത്രി ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണെന്നും ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വികസനത്തിനായുള്ള പ്രത്യേക പാക്കേജുകള്‍ എല്ലാം പൂര്‍ണ്ണമായും തഴയപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഗ്രാന്റുകളുടെ കാര്യത്തില്‍ മൊത്തത്തില്‍ വലിയ വെട്ടിക്കുറവുണ്ടായി. 2021-ല്‍ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോള്‍ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.
അര്‍ധ അതിവേഗ റെയില്‍ ചോദിച്ചെന്നും ബിജെപി സര്‍ക്കാരിന്റെ വക്താവ് എന്ന രീതിയില്‍ ഒരു ബഹുമാന്യ വ്യക്തി അതിവേഗ റെയില്‍ സമ്മതിച്ചിരിക്കുന്നുവെന്ന് കേരളത്തോട് വിളിച്ച് പറയുന്ന സ്ഥിതിയുണ്ടായെന്നും മുഖമന്ത്രി ചൂണ്ടിക്കാട്ടി. എന്തോ വരാന്‍ പോകുന്നുവെന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള മനോഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് തന്നെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ തൊട്ടുകിടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പരിഗണന നല്‍കി. അത് നല്ല കാര്യം തന്നെയാണ്. നമ്മള്‍ അതിന് എതിരല്ല, തമിഴ്‌നാടിനും കര്‍ണാടകയ്ക്കും ആന്ധ്രാപ്രദേശിനും എല്ലാം അതിവേഗ റെയില്‍ പ്രഖ്യാപിച്ചു. നല്ല കാര്യം. എന്താണ് കേരളത്തിനുള്ള അയോഗ്യത. ആ അയോഗ്യതയെപ്പറ്റി നമ്മള്‍ തന്നെ സ്വയം ബോധവാന്മാരാകണം', മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ പോലെ ഒരു വികാരമല്ല പുതിയ പദ്ധതികള്‍ വരുമ്പോള്‍ നമ്മുടെ സംസ്ഥാനത്തെ ചില കക്ഷികള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലാണെന്നും എന്നാല്‍ അത് തങ്ങള്‍ കയറി ഇരുന്നതല്ലെന്നും ജനങ്ങള്‍ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ കേരളത്തില്‍ നടക്കുന്നത് പോലെ നിലവിലുള്ള ഭരണത്തിലുള്ള മുന്നണിയെ മാറ്റിയാണ് അധികാരത്തിലെത്തിച്ചതെന്നാണ് എല്ലാവരും കരുതിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ നാട് വല്ലാതെ തകര്‍ന്നു പോയ കാലമായിരുന്നു 2016. ആ തകര്‍ച്ചയില്‍ നിന്ന് ഇനി കരകയറാന്‍ ആകുമോയെന്ന ശങ്ക പോലും പലര്‍ക്കുമുണ്ടായി. അവിടെ നിന്നാണ് എല്‍ഡിഎഫ് അധികാരത്തില്‍ ഇരിക്കട്ടെയെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്. നിരാശയില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ നല്ല പ്രത്യാശയുള്ളവരായി മാറി. ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതിയ സ്ഥാനത്ത് ഇവിടെ പലതും നടക്കുമെന്ന് പറയുന്ന അവസ്ഥയിലേക്ക് ജനങ്ങളെത്തി. അഞ്ച് വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 2021ല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്ലാ ശ്രമങ്ങളും യുഡിഎഫ് നടത്തിയിട്ടും ഏതെല്ലാം തരത്തില്‍ ജനങ്ങളുടെ മനസിനെ മാറ്റി മറിക്കാന്‍ കഴിയും അതിനുള്ള എല്ലാ കുത്സിത നീക്കങ്ങളും നെറികെട്ട വഴികളും സ്വീകരിച്ചിട്ടും ജനങ്ങളുടെ നിലപാടിലോ മനോഭാവത്തിലോ മാറ്റമുണ്ടായില്ല. നിലവില്‍ ഉണ്ടായതില്‍ നിന്നും സീറ്റുകള്‍ വര്‍ധിപ്പിച്ച് 99 സീറ്റുകളോടെ എല്‍ഡിഎഫിനെ ജനങ്ങള്‍ അധികാരത്തിലേറ്റി. ഇതാണ് നമ്മുടെ നാടിന്റെ അനുഭവം', മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan inauguarate LDF jadha and speech against Union Budget 2026