

കൊച്ചി: കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിച്ച് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്.
വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.
അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി കടലാമകളുടെ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമെ സംസ്ഥാനങ്ങൾക്കുള്ള പദ്ധതിവിഹിതം 50 ശതമാനം ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.
സുസ്ഥിര സാമ്പത്തികവളര്‍ച്ച, ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുടെ വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ മൂന്ന് കർത്തവ്യങ്ങൾക്കാണ് ഊന്നലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.
ആഗോള ബയോ ഫാർമ ഉത്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റും, സെമി കണ്ടക്ടര്‍ മിഷന് 40000 കോടി രൂപ, ചെറുകിട വ്യവസായത്തിന് 10,000 കോടി, ടെക്സ്റ്റൈൽ മേഖലയ്ക്ക് 5 പദ്ധതികൾ, ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾക്ക് 2000 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.
ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികൾ, അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രാവർത്തികമാക്കുക, എല്ലാ ജില്ലകളിലും നിർബന്ധമായും വനിത ഹോസ്റ്റൽ, അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. ഇതിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചുവെന്ന് ധാനകാര്യ മന്ത്രി അവകാശപ്പെട്ടു.
വിക്സിത് ഭാരതിനായുള്ള ബാങ്കിങ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി രൂപീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും എന്നതാണ് ജനക്ഷേമപരമായ ഒരു നടപടി. ടൂറിസം മേഖലയ്ക്ക് കാര്യമായ പരിഗണനയുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും, 10000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിയമിക്കും, ഇവർക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റുമായി ചേര്‍ന്ന് പരിശീലനം നല്‍കും, ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിൽ ട്രക്കിംഗ് - ഹൈക്കിംഗ് മേഖല എന്നിങ്ങനെയാണ് ടൂറിസം മേഖലയ്ക്കുള് പ്രഖ്യാപനങ്ങൾ. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യവസായിക ഇടനാഴി, അരുണാചൽ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബുദ്ധ വിഹാരങ്ങളെ ബന്ധപ്പെടുത്തി ബുദ്ധ സർക്യൂട്ട്, കേര കർഷകർക്കായി കോക്കനട്ട് പ്രോമോഷൻ സ്കീം തുടങ്ങിയവയും ധനമന്ത്രി പ്രഖ്യാപിച്ചു.
നികുതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾക്കായിരുന്നു ഏവരും കാത്തിരുന്നത്. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നിർമല സീതാരാമൻ അറിയിച്ചു.
വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടി. ആരോഗ്യ വിദ്യാഭ്യാസത്തിനുളള ടിസിഎസ് അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാക്കും എന്നും വിദേശ വിനോദയാത്ര പാക്കേജിനുള്ള ടിസിഎസ് രണ്ട് ശതമാനമായി കുറച്ചുവെന്നും പ്രഖ്യാപനമുണ്ടായി. വിദേശത്തേക്കു പണമയക്കുമ്പോള്‍ ബാധകമായ ടിസിഎസ് രണ്ടു ശതമാനമായി കുറക്കുന്നത് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് ഗുണമാകും. എല്‍ആര്‍എസ് എന്ന ലളിതവല്‍ക്കരിച്ച പണമയക്കല്‍ പദ്ധതി അനുസരിച്ച് രണ്ടര ലക്ഷം ഡോളര്‍ വരെ ഓരോ സാമ്പത്തിക വര്‍ഷവും വിദ്യാഭ്യാസം, യാത്ര, ചികില്‍സ, സമ്മാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് നിബന്ധനകള്‍ക്കു വിധേയമായി അയക്കാം. ഇങ്ങനെ അയക്കുമ്പോള്‍ പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ക്ക് ഉറവിടത്തില്‍ നികുതി ശേഖരിക്കുന്ന ടിസിഎസ് അഞ്ചു ശതമാനം എന്ന നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇത് രണ്ടു ശതമാനമായി കുറക്കുന്നത് വിദേശത്തു പഠിക്കുന്ന മക്കള്‍ക്കായി പണമയക്കുന്ന മാതാപിതാക്കള്‍ക്ക് ഗുണകരമാകും.
ഇന്ത്യയില്‍ ഡേറ്റ സെന്‍ര്‍ സ്ഥാപിച്ച് ക്ലൗഡ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് 2047 വരെ നികുതി ഇളവും പ്രഖ്യാപിച്ചു. 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് ജങ്ങൾക്ക് ഉപകാരമാകും. 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായി അടുത്ത ബന്ധമുള്ള ചന്ദനത്തിൻ്റെ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്.
കർഷക വരുമാനം വർധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താനുള്ള ലക്ഷ്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. ചെറുകിട കർഷകർക്ക് പ്രത്യേക ശ്രദ്ധ നൽകുക, 500 ജലസംഭരണികൾ വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ ഏറ്റെടുക്കുക, തീരദേശ പ്രദേശങ്ങളിലെ മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തുക, വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിയിലൂടെ മൃഗസംരക്ഷണത്തെ പിന്തുണയ്ക്കുക, കന്നുകാലി കർഷകരുടെ ഉൽപാദക സംഘടനകളുടെ സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക, തീരദേശ പ്രദേശങ്ങളിലെ തേങ്ങ, ചന്ദനം, കശുവണ്ടി തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകളെ പിന്തുണയ്ക്കുക, കുന്നിൻ പ്രദേശങ്ങളിലെ വാൽനട്ട് ഉൽപാദനത്തെ പിന്തുണയ്ക്കുക, നാളികേര ഉൽപാദനത്തിൽ മത്സരശേഷി വർദ്ധിപ്പിക്കുക, ഇന്ത്യൻ കശുവണ്ടി, കൊക്കോ എന്നിവയ്ക്കായി നിർദ്ദേശിക്കപ്പെട്ട ഒരു സമർപ്പിത പരിപാടി ആരംഭിക്കുക എന്നിങ്ങനെയാണ് ലക്ഷ്യങ്ങൾ.
വനിതാ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനായി സെൽഫ്-ഹെൽപ്പ് എന്റർപ്രണർ മാർട്ടുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ലതർ ഉത്പന്നങ്ങൾക്കും ചെരുപ്പിനും വില കുറയുമെന്നും പ്രഖ്യാപനമുണ്ടായി.
Content Highlights: Union Budget 2026 disappoints Kerala with no major projects or special packages. Despite demands for AIIMS, high-speed rail, and fiscal aid, the state faces continued neglect amid poll-bound expectations. Rare earth corridor mentioned but no big wins.