വഴക്കിനിടെ 'നീ പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണകുറ്റമല്ല: ഹൈക്കോടതി

ഇരുവരും തമ്മിലുളള വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാവ്' എന്ന് യുവാവ് പറയുകയും ഈ മനോവിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നുമാണ് കേസ്

വഴക്കിനിടെ 'നീ പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണകുറ്റമല്ല: ഹൈക്കോടതി
dot image

കൊച്ചി: വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാക്' എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്. കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രീംകോടതി വിധി ന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി.

ഹര്‍ജിക്കാരന് വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരിക്കെ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള തീരുമാനം യുവതി ഫോണില്‍ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുളള വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാവ്' എന്ന് യുവാവ് പറയുകയും ഈ മനോവിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നുമാണ് കേസ്.

2023ലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെതിരായ കേസ് സെഷന്‍സ് കോടതി ചോദ്യം ചെയ്‌തെങ്കിലും ഐപിസി 306, 204 വകുപ്പുകള്‍ ചുമത്താനായിരുന്നു കോടതി നിര്‍ദേശം. ഇത് ചോദ്യം ചെയ്ത് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി വിധിന്യായങ്ങള്‍ അടക്കം പരിശോധിച്ചാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ മനഃപൂര്‍വ്വമായ കാര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആത്മഹത്യാപ്രേരണാകുറ്റം ചുമത്താനാകില്ലായെന്നും കോടതി ഉത്തരവിട്ടത്.

Content Highlights: kerala high Court Ruling in death case

dot image
To advertise here,contact us
dot image