ട്വിസ്റ്റുകള്‍ നിറഞ്ഞ ത്രില്ലറല്ല എന്നതാണ് ജീത്തു സാര്‍ ഈ തിരക്കഥ തിരഞ്ഞെടുക്കാന്‍ കാരണം | ഡിനു തോമസ് ഈലന്‍ |

'ഒരുപാട് സസ്‌പെന്‍സോ ട്വിസ്റ്റുകളോ ഉള്ള തിരക്കഥയല്ല ചിത്രത്തിന്റേത്. ഇമോഷണല്‍ ക്രൈം ഡ്രാമയാണിത്'

ട്വിസ്റ്റുകള്‍ നിറഞ്ഞ ത്രില്ലറല്ല എന്നതാണ് ജീത്തു സാര്‍ ഈ തിരക്കഥ തിരഞ്ഞെടുക്കാന്‍ കാരണം | ഡിനു തോമസ് ഈലന്‍ |
dot image

ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ വലതുവശത്തെ കള്ളന്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനപ്പുറം ഇമോഷണല്‍ ക്രൈം ഡ്രാമയാണ് ചിത്രമെന്ന് പറയുകയാണ് തിരക്കഥാകൃത്തയായ ഡിനു തോമസ് ഈലന്‍. 2018ല്‍ കൂദാശ എന്ന നിരൂപകശ്രദ്ധ നേടിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഡിനു പുതിയ ചിത്രത്തെ കുറിച്ചും ജീത്തു ജോസഫ് എന്ന പാഠപുസ്തകത്തെ കുറിച്ചും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ മനസില്‍ രൂപപ്പെട്ട കഥാതന്തു ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് സിനിമയായി മുന്‍പില്‍ എത്തുന്നതിന്റെ സന്തോഷവും ഡിനു പങ്കുവെക്കുന്നുണ്ട്.

ജീത്തു ജോസഫിനെ എങ്ങനെ കണ്‍വിന്‍സ് ചെയ്തു ?

എന്തുകൊണ്ടാണ് എന്റെ തിരക്കഥ തിരഞ്ഞെടുത്തത് എന്ന് ഞാന്‍ ജീത്തു സാറിനോട് ചോദിച്ചിരുന്നത്. whodunnit മോഡല്‍ തിരക്കഥയല്ല വലതുവശത്തെ കള്ളന്റേത് എന്നത് തന്നെയാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞത്. ഒരുപാട് സസ്‌പെന്‍സോ ട്വിസ്റ്റുകളോ ഉള്ള തിരക്കഥയല്ല ചിത്രത്തിന്റേത്. ഇമോഷണല്‍ ക്രൈം ഡ്രാമയാണിത്. ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ കഥാഗതി പ്രേക്ഷകര്‍ക്ക് മനസിലാകും. ജോജു അവതരിപ്പിക്കുന്ന സാമും ബിജു മേനോന്‍ അവതരിപ്പിക്കുന്ന ആന്റണിയും അസാധാരണമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നു. തികച്ചും സാധാരണക്കാരായ ഇവര്‍ ഈ സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ക്രൈമും ഇന്‍വെസ്റ്റിഗേഷനും വരുന്നുണ്ടെങ്കിലും രണ്ട് കഥാപാത്രങ്ങള്‍ക്ക് കടന്നുപോകേണ്ടി വരുന്ന വൈകാരിക നിമിഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു.

jeethu joseph

ആദ്യ സിനിമയായ കൂദാശയും അതിന് ലഭിച്ച പ്രതികരണവും

ഞാന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു കൂദാശ. 2018ല്‍ പുറത്തിറങ്ങിയ സിനിമ വളരെ പരിമിതമായ ചുറ്റുപാടുകളില്‍ നിന്നായിരുന്നു പൂര്‍ത്തിയാക്കിയത്. ഷോര്‍ട് ഫിലിമിനേക്കാള്‍ ചെറിയ ക്രൂവായിരുന്നു കൂദാശയുടേത്. പരീക്ഷണാത്മക സ്വഭാവത്തിലായിരുന്നു ചിത്രം ഒരുക്കിയത്. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ സിനിമയുടെ ആത്മാവ് പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു.

അക്കൂട്ടത്തില്‍ ഒരാളായിരുന്നു ജീത്തു സാര്‍. അദ്ദേഹം കൂദാശ കണ്ട് ഇതൊരു നല്ല സിനിമയാണെന്ന് അന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു ലൈവില്‍ പറഞ്ഞിരുന്നു. ശ്രദ്ധിക്കപ്പെടാതെ പോകുന്ന സിനിമകളെയം എഴുത്തുകാരെയും കുറിച്ചും ജീത്തു സാര്‍ സംസാരിച്ചിരുന്നു. 2018ല്‍ എനിക്ക് ജീത്തു സാറിനെ ഒരു പരിചയവും ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. അജു വര്‍ഗീസ് അടക്കം ചിലരും സിനിമയെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തിരുന്നു.

കൂദാശയ്ക്ക് ശേഷം അടുത്തൊരു സിനിമയുമായി വരാന്‍ എനിക്ക് ഒരുപാട് സമയം എടുത്തു. വലതുവശത്തെ കള്ളന്റെ സക്രിപ്റ്റ് ഓഗസ്റ്റ് സിനിമാസിന് ഇഷ്ടപ്പെട്ടെങ്കിലും അതിനിടയിലാണ് കൊവിഡ് സംഭവിക്കുന്നത്. എന്നെ പോലെ ആദ്യ സിനിമ പരാജയപ്പെട്ട സംവിധായകനെ സംബന്ധിച്ചിടത്തോളം അത് കുറച്ചുകൂടി ദുര്‍ഘടമായിരുന്നു. ആറ് വര്‍ഷം മുന്‍പ് ഈ സിനിമ നടക്കാതെ പോയത് ഇന്ന് ജീത്തു സാറിന്റെ കയ്യില്‍ എത്താനുള്ള നിയോഗമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

താങ്കള്‍ എഴുതിയ കഥയെ മറ്റൊരു സംവിധായകന്‍ ചലച്ചിത്രമാക്കുമ്പോള്‍

മറ്റുള്ളവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനുള്ള മനസാണ് ജീത്തു സാറിന്റെ ഏറ്റവും വലിയ ക്വാളിറ്റി. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്ന സമയമായിരുന്നു. അദ്ദേഹത്തെ പോലെ വലിയൊരു സംവിധായകനും തിരക്കഥാകൃത്തിനും ഷൂട്ടിംഗ് സമയത്ത് തോന്നുന്ന മാറ്റങ്ങള്‍ എന്നോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. പക്ഷെ അദ്ദേഹം അത് ചെയ്യാറുണ്ട്.

ഞാന്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന കാര്യം എഴുത്താണ്. ഞാന്‍ എഴുതിയ സീന്‍ ജീത്തു സാര്‍ എങ്ങനെ സ്‌ക്രീനില്‍ പകര്‍ത്തുന്നു എന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക്. ഈ സിനിമയുടെ ഭാഗമായ ഒരു വര്‍ഷം കൊണ്ട് ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു. ഒരു വര്‍ഷം മുന്‍പുള്ള ഡിനു അല്ല ഇപ്പോഴുള്ളത് എന്ന് എനിക്ക് ഉറപ്പാണ്.

മൂന്ന് പ്രിയപ്പെട്ട ജീത്തു ജോസഫ് സിനിമകള്‍

മെമ്മറീസാണ് ജീത്തു സാറിന് ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചിത്രമെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം ദൃശ്യം ആണ്. ദൃശ്യത്തിന്റെ സൗന്ദര്യം അതില്‍ കാണിക്കുന്ന ഒരു സാധാരണ കുടുംബമാണ്. അവര്‍ കടന്നുപോകുന്ന അസാധാരണ സന്ദര്‍ഭങ്ങളും അതിനോട് അവര്‍ പ്രതികരിക്കുന്ന രീതിയും പ്രേക്ഷകരുമായി ഒരു ഇമോഷണല്‍ കണക്ഷന്‍ ഫീല്‍ ചെയ്യും. രണ്ടാമത്തെ ചിത്രം മെമ്മറീസ് ആയിരിക്കും. മെമ്മറീസിന്റെ കഥയെ അദ്ദേഹം വിഷ്വലൈസ് ചെയ്ത രീതി എനിക്കേറെ ഇഷ്ടമാണ്. ലൈഫ് ഓഫ് ജോസൂട്ടി ആണ് അടുത്തത്.

ബിജു മേനോനും ജോജു ജോര്‍ജും

താരങ്ങള്‍ എന്നതിലുപരി രണ്ട് മികച്ച അഭിനേതാക്കളാണ് ഇവര്‍. ആ അഭിനേതാക്കളെ ലഭിച്ചത് ഈ സിനിമയുടെ ഭാഗ്യമാണ്. വലതുവശത്തെ കള്ളനില്‍ രണ്ട് പേരുടെയും കഥാപാത്രങ്ങള്‍ക്ക് തുല്യ പ്രാധാന്യമാണുള്ളത്. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ഈ സിനിമയുടെ ഐഡിയ ആദ്യമായി ആലോചിക്കുന്നത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന സാമുവല്‍ എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെയായിരുന്നു അന്ന് കഥ ആലോചിച്ചത്. പിന്നീട് കൂദാശയ്ക്ക് ശേഷം ഇതിന്റെ തിരക്കഥയിലേക്ക് കടന്നപ്പോള്‍ ആന്റണിയുടെ കണ്ണിലൂടെ സാമുവലിനെയും, സാമുവലിന്റെ കണ്ണിലൂടെ ആന്റണിയെയും അവതരിപ്പിക്കാനും ശ്രമിച്ചു. അതുകൊണ്ട് തന്നെ സിനിമയില്‍ ഇരു കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. രണ്ട് കഥാപാത്രങ്ങള്‍ക്കും വളരെ കോംപ്ലക്‌സായ ഒരു ഇമോഷണല്‍ യാത്രയുണ്ട്.

ജീത്തു സാര്‍ തന്നെയാണ് ജോജു-ബിജു മേനോന്‍ കോമ്പിനേഷന്‍ നിര്‍ദേശിച്ചത്. ഇതേ കുറിച്ച് പറഞ്ഞുകൊണ്ട് ജീത്തു സാര്‍ ആദ്യം വിളിച്ചപ്പോള്‍ എനിക്ക് ലഭിച്ച ഒരു കിക്ക് ഉണ്ട്. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇവരുടെ നേരിട്ട് കണ്ടപ്പോഴും എഡിറ്റിംഗ് ടേബിളിലുമെല്ലാം ആ കിക്ക് തുടര്‍ന്നു. പ്രേക്ഷകര്‍ക്കും ഇതേ കിക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ പ്രോജക്ടുകള്‍

സൂക്ഷ്മദര്‍ശിനി ഒരുക്കിയ എം സി ജിതിന്റെ അടുത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്നുണ്ട്. ഒരു തമിഴ്-തെലുങ്ക് പ്രോജക്ടിനായി തിരക്കഥ എഴുതുന്നുണ്ട്. നോണ്‍ ലീനിയര്‍ മോഡില്‍ കഥ പറയുന്നതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ അതിന്റെ സംവിധാനം നിര്‍വഹിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതില്‍ തീരുമാനമായിട്ടില്ല. മറ്റ് ചില പ്രോജക്ടുകളും ചര്‍ച്ചയിലുണ്ട്.

Content Highlights: Writer Dinu Thomas Eelan about jeethu joseph film valathuvasathe kallan and working with the team

dot image
To advertise here,contact us
dot image