

ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്. ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനും ടൂർണമെന്റ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിലെത്തിയത്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലൻഡിനെ ലോകകപ്പ് കളിപ്പിക്കാൻ ഐസിസി തീരുമാനിച്ചതോടെ പാകിസ്താനും ടൂർണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പാകിസ്താനെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താൻ പിന്മാറുകയാണെങ്കിൽ ലോകകപ്പ് കളിക്കാൻ തങ്ങൾ തയ്യാണാണെന്നാണ് ഐസ്‌ലൻഡ് പറയുന്നത്.
'ലോകകപ്പിലെ പങ്കാളിത്ത കാര്യത്തിൽ പാകിസ്താൻ എത്രയും വേഗം ഒരു തീരുമാനമെടുക്കണം. ഫെബ്രുവരി രണ്ടാം തീയതി അവർ പിന്മാറുകയാണെങ്കിൽ ഉടൻ തന്നെ വിമാനം കയറാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഫെബ്രുവരി ഏഴിന് കൊളംബോയിൽ എത്തുക എന്നത് വിമാന ഷെഡ്യൂളുകൾ കാരണം വലിയൊരു വെല്ലുവിളിയാണ്. ഞങ്ങളുടെ ഓപ്പണിങ് ബാറ്റർക്ക് ഉറക്കമില്ലായ്മയുടെ പ്രശ്നവുമുണ്ട്.' - ഐസ്‌ലൻഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതിനിടെ ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും പാകിസ്താനെ ചൊടിപ്പിച്ചിരുന്നു.
ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതും പാകിസ്താനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
Content Highlights:Iceland Cricket Takes Swipe At Pakistan Cricket Team With Viral Social Media Post