കോഴിക്കോട് പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ ലഹരി; കടന്നുകളയാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

കണ്‍ട്രോള്‍ റൂം പൊലീസ് വാഹനം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു

കോഴിക്കോട് പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ ലഹരി; കടന്നുകളയാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
dot image

കോഴിക്കോട്: പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. കസബ സ്റ്റേഷന്‍ പരിധിയിലെ ലുലു മാളിന് സമീപമുളള സുസുകി സ്‌കൂട്ടര്‍ സര്‍വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരി പിടികൂടിയത്. സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാല്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെട്ടിടത്തിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനാല്‍ സ്ഥാപനം തുറക്കാനാകുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസെത്തി കാറിന്റെ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടമസ്ഥര്‍ വന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് സുസുകിയിലെ ജീവനക്കാരോട് നിര്‍ദേശിച്ച് പൊലീസ് പോയി. ഉച്ചയോടെ കാര്‍ എടുക്കാന്‍ വന്നയാളോട് സ്ഥാപനത്തിലെ ജീവനക്കാർ സ്‌റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറാകാതെ കാറെടുത്ത് മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു.

ഇക്കാര്യം സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇതോടെ കണ്‍ട്രോള്‍ റൂം പൊലീസ് വാഹനം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍പ്രതിയുടെ ബാഗില്‍ നിന്ന് 38.920 ഗ്രാം എംഡിഎംഎ, 1,39,000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പേരില്‍ നിലവില്‍ മെഡിക്കല്‍ കോളേജ്, പന്തീരാങ്കാവ്, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Content Highlights: Drug found in a car parked in a public place in Kozhikode; Suspect arrested

dot image
To advertise here,contact us
dot image