

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ പ്രക്രിയക്ക് തുടക്കമിടാൻ കെപിസിസി. സ്ഥാനാർഥി സാധ്യത പട്ടിക തയ്യാറാകാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിൽ തീരുമാനമായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഇതിനായി ചുമതലപ്പെടുത്തി.
നേതാക്കൾ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും സ്ഥാനാർഥി പട്ടിക തയ്യാറാക്കുക. ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയാൽ അംഗീകരിക്കില്ലെന്ന് നേതാക്കൾ സമിതി യോഗത്തിൽ പറഞ്ഞു. നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത് എന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്. എന്നാൽ ഇതിൽ ഹൈക്കമാൻഡ് തീരുമാനമാകും ഏറെ നിർണായകമാകുക.
ഇന്ന് മുതൽ വ്യാഴാഴ്ച വരെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കുക. സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ തെരഞ്ഞെടുപ്പിൽ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
അതേസമയം, കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന സൂചന നൽകി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ പൊതുവികാരം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആദ്യം ജയിക്കുന്ന സീറ്റാകും കുട്ടനാട് എന്നും അദ്ദേഹം വ്യക്തമാക്കി.
'വിജയസാധ്യതയാണ് പ്രധാന ഘടകം. ഘടകക്ഷികള്‍ തമ്മില്‍ ചില സീറ്റ് വെച്ച് മാറി മത്സരിക്കേണ്ടിവരും. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണം എന്നതാണ് പ്രാദേശിക വികാരം. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുമോ എന്ന സംശയം യുഡിഫ് അണികളിലുണ്ട്', കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ഇത്തവണ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വിജയ സാധ്യതയാണെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തിയ സർവേയുടെ ഫലവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാനഘടകമാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മറ്റ് ചുമതലകളും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kerala Assembly Elections 2026: KPCC to start works on candidates, decision on MP's participating on highcommand