'E D നോട്ടീസ് ലഭിച്ചു, 5 വർഷത്തെ ബാലൻസ് ഷീറ്റ് ആവശ്യപ്പെട്ടു'; റിപ്പോർട്ടർ വാർത്ത ശരിവെച്ച് സാബു എം ജേക്കബ്

താൻ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിച്ചാൽ സ്ഥാപനം നിങ്ങളുടെ പേരിൽ എഴുതിത്തരാമെന്ന് സാബു എം ജേക്കബ്

'E D നോട്ടീസ് ലഭിച്ചു, 5 വർഷത്തെ ബാലൻസ് ഷീറ്റ് ആവശ്യപ്പെട്ടു'; റിപ്പോർട്ടർ വാർത്ത ശരിവെച്ച് സാബു എം ജേക്കബ്
dot image

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് കിറ്റക്‌സ് ഗ്രൂപ്പ് മുതലാളിയും ട്വന്റി 20 പാർട്ടിയുടെ ചീഫ് കോർഡിനേറ്ററുമായ സാബു എം ജേക്കബ്. റിപ്പോർട്ടറിന്റെ വാർത്ത ശരിവെക്കുന്നതാണ് സാബു എം ജേക്കബ്ബിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷത്തെ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ ബാലൻസ് ഷീറ്റാണ് ഇ ഡി ചോദിച്ചതെന്നും അവർ ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും സാബു എം ജേക്കബ്ബ് പറഞ്ഞു. വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട വസ്തുക്കളുടെ പേമെന്റ് കിട്ടാനുണ്ടോ എന്നത് ഇ ഡി നോട്ടീസിൽ പരാമർശിച്ചിരുന്നുവെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

ഇ ഡി നോട്ടീസിൽ പരാമർശിച്ച എല്ലാകാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ടെന്നും എന്നാൽ തന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. ഇതുവരെ ഒരു സാമ്പത്തിക തിരിമറിയോ പിഴയോ കിറ്റക്‌സിനുമേൽ ഉണ്ടായിട്ടില്ല. മൂന്ന് തവണ തന്നോട് ഹാജരാകാൻ പറഞ്ഞുവെന്നത് കളവാണ്. തന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നൂറോളം എക്‌സ്‌പോർട്ടിങ് കമ്പനികൾക്ക് ഇത്തരത്തിൽ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഒട്ടാകെ ആയിരത്തോളം സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. വിദേശപണമിടപാടുകൾ കർശനമായി നിരീക്ഷിക്കുന്ന കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ നോട്ടീസ് അയച്ചത്. താൻ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിച്ചാൽ സ്ഥാപനം നിങ്ങളുടെ പേരിൽ എഴുതിത്തരാമെന്നും സാബു എം ജേക്കബ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ നടത്തിപ്പ് വളരെ കൃത്യമായാണ് നടത്തിക്കൊണ്ടു പോകുന്നത്. ചില ചാനലുകൾ ചില രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണ് കിറ്റെക്‌സിനെതിരെ വാർത്ത നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. വാർത്തയെ നിയമപരമായി നേരിടുമെന്നും റിപ്പോർട്ടർ ചാനലിനെതിരെ നാളെ പത്ത് മണിക്കുള്ളിൽ നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകും. ഇത്തരം കാര്യങ്ങൾ ചോർത്തി കൊടുക്കുന്ന ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

തങ്ങൾ മാലിന്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ അന്തരിച്ച മുൻ എംഎൽഎ പി ടി തോമസിന് 100 കോടി രൂപയുടെ നോട്ടീസാണ് താൻ കൊടുത്തത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ പിടിച്ച് അകത്തിട്ടേനെ എന്നും സാബു എം ജേക്കബ് പറഞ്ഞു.

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ ആയിരുന്നുവെന്നായിരുന്നു റിപ്പോർട്ടർ ടിവി വാർത്ത. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ലെന്നുമായിരുന്നു റിപ്പോർട്ട്.

Content Highlights: Kitex Group owner and Twenty20 party chief coordinator Sabu M Jacob confirmed that the Enforcement Directorate has issued a notice to the company.

dot image
To advertise here,contact us
dot image