

കോഴിക്കോട്: എലത്തൂരിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖനെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് വൈശാഖനെ റിമാൻഡ് ചെയ്തത്. നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നൽകിയതിന് ശേഷം ക്രൂരമായി മർദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖനും യുവതിയും തമ്മിൽ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. തുടർന്ന് തന്നെ വിവാഹം കഴിക്കാൻ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താൻ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിൽ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തി. ഇരുവരും ഒരുമിച്ച് കയർ കെട്ടി. യുവതി കയറിൽ കുരുക്കിട്ട ഉടൻ വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാൽ എലത്തൂർ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാൻ സഹായിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാൽ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇൻഡസ്ട്രി സീൽ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.
Content Highlights: The accused Vaishakhan has been remanded to judicial custody in connection with the Elathur case