സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി

'പോറ്റിയേ കേറ്റിയേ' പാട്ട് പരസ്പരം പാടി ഭരണപക്ഷവും പ്രതിപക്ഷവും

സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി
dot image

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരസ്പര ആയുധമാക്കി ഭരണപക്ഷവും പ്രതിപക്ഷവും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭരണപക്ഷം നേരിട്ടത്. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

'സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യില്‍ സ്വര്‍ണം കെട്ടിയില്ലേ. അത് ഏത് സ്വര്‍ണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോണ്‍ഗ്രസ് മറുപടി പറയണം', ശിവന്‍കുട്ടി പറഞ്ഞു.

'സ്വര്‍ണം കട്ടവരാരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ', എന്ന പാരഡി ഗാനവും ശിവന്‍കുട്ടി സഭയില്‍ ആലപിച്ചു. കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സോണിയാ ഗാന്ധിയുടെ വസതിയുടെ ഗേറ്റ് തുറക്കുമോയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശിച്ചു.
പിന്നെ എങ്ങനെ പോറ്റിക്ക് സോണിയാ ഗാന്ധിയുടെ വസതിക്കുള്ളില്‍ കയറാനായെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷം വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ധൈര്യമില്ലെന്നും വീണാ ജോര്‍ജ് ആരോപിച്ചു.

കട്ടവരെ രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്ന് മന്ത്രി എം ബി രാജേഷും ആരോപിച്ചു. കട്ടവനേയും കട്ടമുതല്‍ വാങ്ങിയവനേയും സോണിയ ഗാന്ധിക്കൊപ്പം കാണാം. പോറ്റിയ ആര് കേറ്റി എന്ന് ചോദിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനോടാണ്. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തെ സംശയിച്ച പ്രതിപക്ഷ നേതാവിന് ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഹൈക്കോടതിക്കെതിരെയാണ് പ്രതിപക്ഷം നീങ്ങുന്നത്. ഇവര്‍ക്ക് മഹാത്മാഗാന്ധിയെക്കാള്‍ വലുത് മറ്റൊരു ഗാന്ധി. അവരെ സംരക്ഷിക്കാന്‍ വേണ്ടി പ്രതിപക്ഷം ഇറങ്ങിയിരിക്കുകയാണ്. സ്വര്‍ണം പൂശിയ കൊടിമരം കട്ട മഹാന്മാരെ രക്ഷിക്കാനാണ് പ്രതിപക്ഷ സമരം. യഥാര്‍ത്ഥ പ്രതികള്‍ അകപ്പെടുമ്പോള്‍ പാടാന്‍ ഞങ്ങള്‍ ഒരു പാട്ട് കരുതി വച്ചിട്ടുണ്ട്', എം ബി രാജേഷ് പറഞ്ഞു.

വിഡി സതീശനെതിരെ പരിഹാസവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്തെത്തി. സതീശന്റെ വനവാസം എവിടെയെന്ന് നേരത്തെ വനവകുപ്പിനെ അറിയിക്കണമെന്നും സുരക്ഷ ഒരുക്കാന്‍ അത് സൗകര്യമായിരിക്കുമെന്നായിരുന്നു പരിഹാസം. യുഡിഎഫ് പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന് നേരത്തെ വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലുയാരുന്നു ടി പി രാമകൃഷ്ണന്റെ പരിഹാസം.

സഭ തുടങ്ങിയപ്പോള്‍ തന്നെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാതെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നും നിയസഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. തുടര്‍ന്ന് സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. നിലവില്‍ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇനി അടുത്ത ചൊവ്വാഴ്ചയാണ് സഭ ചേരുന്നത്.
Content Highlights: V Sivankutty has demanded the arrest of Sonia Gandhi in relation to the Sabarimala gold theft case.

dot image
To advertise here,contact us
dot image