

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ മുന്‍ മന്ത്രി കടംപള്ളി സുരേന്ദ്രനും മുന്‍ റാന്നി എംഎല്‍എയും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന്. ഇരുവരും ജനപ്രതിനിധികളായിരിക്കെയാണ് സന്ദര്‍ശനം നടത്തിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്‍കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന് ഒപ്പവും ഇരുവരും ദൃശ്യങ്ങളെടുത്തു. എന്നാല്‍ ചിത്രത്തെ മുന്‍നിര്‍ത്തി വിവരം രാജു എബ്രഹാമിനോട് ചോദിച്ചപ്പോള്‍ താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയില്ലെന്നായിരുന്നു റിപ്പോര്‍ട്ടറിനോട് പറഞ്ഞ മറുപടി. പക്ഷേ, ചിത്രം അയച്ച് നല്‍കിയപ്പോള്‍ വീട്ടില്‍ വെച്ച് എടുത്ത ചിത്രമല്ലെന്നും സന്നിധാനത്ത് വെച്ച് എടുത്ത ചിത്രമാണെന്നും രാജു എബ്രഹാം പ്രതികരിക്കുകയായിരുന്നു.
അതേസമയം കടകംപള്ളി സുരേന്ദനെതിരായ ആരോപണങ്ങളില്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ഇ ഡി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്ന് ഇ ഡി പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇ ഡി. ഇതുസംബന്ധിച്ച് ഇ ഡി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യും
കടകംപള്ളി സുരേന്ദ്രന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തിയെന്ന വിവരം കഴിഞ്ഞ ദിവസം അയല്‍വാസിയായ വിക്രമന്‍ നായര്‍ റിപ്പോര്‍ട്ടറിനോട് പങ്കുവെച്ചിരുന്നു. പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പോറ്റിയുടെ വീട്ടില്‍നിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പൊലീസിന്റെ അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന് പുറമേ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ഒ എസ് അംബിക എംഎല്‍എയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞിരുന്നു.
Content Highlights: Kadakampally Surendran and Raju Abraham visited the residence of Unnikrishnan Potty and presented a gift to his father