

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി റെയ്ഡില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. സ്വര്‍ണം ചെമ്പാക്കിയ രേഖയും കണ്ടെത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നാണ് രേഖകള്‍ പിടിച്ചെടുത്തതെന്നും ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്നലെയാണ് പ്രധാനപ്പെട്ട 21 ഇടങ്ങളില്‍ ഒരേസമയം ഇ ഡി റെയ്ഡ് നടത്തിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ഇ ഡി പരിശോധന 22 മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. ഇതിൽ പരിശോധനയ്ക്കായി ഏറ്റവും കൂടുതൽ സമയം ഇ ഡി ചെലവഴിച്ചത് ദേവസ്വം ബോർഡ് ആസ്ഥാനത്താണ്. പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർക്ക് ഇ ഡി നൽകിയിരിക്കുന്ന സൂചന.
ശബരിമലയില്‍ നടന്നത് കൂട്ടക്കവര്‍ച്ചയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് നിരീക്ഷിച്ചിരുന്നു. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്നും കൂട്ടക്കവര്‍ച്ചയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കവര്‍ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പോറ്റി ജയിലില്‍ തുടരും.
Content Highlights: ED freeze assets worth Rs 1.3 crore of accused and smart creations in sabarimala gold theft case