

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ദ്വാരപാലക പാളികളില്‍ നിന്ന് മാത്രം ഒന്നരക്കിലോയിലേറെ സ്വര്‍ണം നഷ്ടമായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. 1998ല്‍ ഈ പാളികളില്‍ പൊതിഞ്ഞത് രണ്ട് കിലോയോളം സ്വര്‍ണമാണ്. എന്നാല്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെയെത്തിച്ചപ്പോള്‍ 394.9 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്‌ഐടി കൊല്ലം ജില്ലാ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാക്കി സ്വര്‍ണം കൊള്ളയടിച്ചെന്ന് എസ്‌ഐടി വ്യക്തമാക്കി. ദ്വാരപാലക പാളികളിലെ മാത്രം കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നത്. കട്ടിളപ്പാളിയിലെ സ്വര്‍ണം കൂടിയാവുമ്പോള്‍ നഷ്ടം കൂടുമെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. വേര്‍തിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യത്തെ കണക്ക്. എന്നാല്‍ അഞ്ചിലൊന്ന് സ്വര്‍ണം മാത്രമേ നിലവില്‍ ദ്വാരപാലക പാളികളില്‍ ഉള്ളൂവെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. പവന്‍ കണക്കില്‍ നോക്കിയാല്‍ 250 പവന്‍ സ്വര്‍ണത്തില്‍ നിന്നും തിരികെയെത്തിയപ്പോള്‍ 50 പവന്‍ സ്വര്‍ണം മാത്രമാണ് ദ്വാരകപാളികളില്‍ ഉണ്ടായിരുന്നത്.
അതേസമയം സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മറ്റ് ഇടപാടുകളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ശബരിമലയ്ക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലെയും സ്വര്‍ണം വേര്‍തിരിച്ചതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു, ശിവകാശി എന്നിവിടങ്ങളിലെ
ക്ഷേത്രങ്ങളിലെ വസ്തുവകകളാണ് എത്തിച്ചത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ റെയ്ഡിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പിടിച്ചെടുത്ത 100 ഗ്രാം സ്വര്‍ണ്ണം കണക്കില്‍പ്പെടാത്തതാണ്. ഇത് എവിടുത്തെ സ്വര്‍ണം ആണെന്ന് കണ്ടെത്താന്‍ ഒരുങ്ങുകയാണ് ഇ ഡി. മഹാരാഷ്ട്രയിലെ സംഘത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തെ കേന്ദ്രീകരിത്തും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീം കോടതിയില്‍ സമീപിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയും പരിഗണിക്കും.
Content Highlights: Investigators have revealed that over one and a half kilograms of gold went missing from the Dwara Pala plates in the Sabarimala gold theft case