

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ കെ എം ഷാജിയെ പരിഗണിക്കുന്നതിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌കെഎസ്എസ്എഫ്). സുന്നി പ്രസ്ഥാനത്തെ ഇകഴ്ത്തുന്ന നിലപാടുള്ളവരെ ഉയർത്തിക്കാട്ടുന്നത് ഭൂഷണമല്ലെന്നാണ് എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയുടെ പ്രതികരണം.
ജനപിന്തുണയുള്ള ജില്ലയിലെ മുസ്‌ലിം ലീഗ് നേതാക്കളെ പരിഗണിക്കണം.വിശാല ജനവിഭാഗങ്ങൾക്ക് സ്വീകരണീയനായ സ്ഥാനാർത്ഥിയാണ് ബിജെപിക്ക് എതിരായി വേണ്ടത്. അല്ലാതെയുള്ളവരെ പരിഗണിച്ചാൽ ഐക്യം ദുർബലപ്പെടുമെന്നും ഇർഷാദ് ബെദിര ഫേസ്ബുക്കിൽ കുറിച്ചു. കാസർകോട് കെ എം ഷാജിയെ മുസ്‌ലിം ലീഗ് പരിഗണിക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്ന സൂചന കെ എം ഷാജിയും പങ്കുവച്ചിരുന്നു. നിലവിൽ എൻ എ നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കാസർകോട്.
ഇർഷാദ് ഹുദവി ബെദിരയുടെ ഫേസ്ബുക്ക് കുറിപ്പ്…
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാകുന്നത് സ്വാഭാവികമാണ്. ചിലർ സ്ഥാനാർത്ഥി കുപ്പായം ധരിച്ച് മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വ്യക്തിപരമായ പ്രചാരണങ്ങൾ ശക്തമാക്കുന്ന തിരക്കിലാണെന്നതും ഇന്നത്തെ യാഥാർത്ഥ്യമാണ്. എന്നാൽ രാഷ്ട്രീയ യാഥാർത്ഥ്യം നാം തിരിച്ചറിയണം. ബിജെപിയോട് നേരിട്ട് ഫൈറ്റ് നടക്കുന്ന മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസർകോടും. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ യഥാർത്ഥ വിജയസാധ്യത യുഡിഎഫിനാണ് എന്നത് അനുഭവവും ചരിത്രവും വ്യക്തമാക്കുന്നു. അങ്ങനെയിരിക്കെ, യുഡിഎഫ് നിർത്തുന്ന സ്ഥാനാർത്ഥി പൊതുസമ്മതനും വിശാല ജനവിഭാഗങ്ങൾക്ക് സ്വീകരണീയനുമായിരിക്കണം. വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ മുന്നണി താൽപര്യവും രാഷ്ട്രീയ ബുദ്ധിയും മുൻനിർത്തേണ്ട സമയമാണിത്.
കാസർകോട് ജില്ലയിൽ തന്നെ മുസ്‌ലിം ലീഗിന്റെ ജില്ലാ നേതൃനിരയിൽ പ്രഗൽഭതയും പ്രവർത്തന പരിചയവും ജനപിന്തുണയും ഉള്ള നിരവധി നേതാക്കൾ ഉണ്ടെന്നിരിക്കെ, സുന്നി പ്രസ്ഥാനത്തിന്റെ നേതാക്കളെയും പ്രസ്ഥാനത്തെയും ഇകഴ്ത്തുന്ന നിലപാടുകളുള്ള പേരുകൾ ഉയർത്തിക്കാട്ടുന്നത് ഒരിക്കലും ഭൂഷണമല്ല. അത്തരം സമീപനങ്ങൾ ഐക്യത്തെ ദുർബലപ്പെടുത്തുകയും ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും എന്നത് മറക്കരുത്.
ഐക്യമാണ് ശക്തി.
പൊതുസമ്മതമാണ് വിജയം.
ലക്ഷ്യം ഒന്ന് മാത്രം ബിജെപിയെ തോൽപ്പിക്കുക.
Content Highlights: Samastha Kerala Sunni Students Federation has come out with an indirect criticism against considering K M Shaji as the Muslim League candidate in the Kasaragod constituency