

70 വയസ് പ്രായമുളള ഒരാളുടെ തലച്ചോറിന് സമമമായിരുന്നു ആന്‍ഡ്രെ യാര്‍ഹാം എന്ന 24 വയസുള്ള യുവാവിന്റെ തലച്ചോറ്. യുകെയിലാണ് അപൂര്‍വ്വ ഡിമെന്‍ഷ്യരോഗം ബാധിച്ച ഈ യുവാവ് ജീവിച്ചിരുന്നത്. തന്റെ 24 ാം വയസില്‍ മരിച്ച ഈ ചെറുപ്പക്കാരന്‍ യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡിമെന്‍ഷ്യ രോഗിയായിരുന്നു.
SWNS(south west news service) പ്രകാരം നോര്‍ഫോക്കിലെ ഡെറെഹാമില്‍ നിന്നുള്ള യാര്‍ഹാമിന് ഒരുമാസം മുന്‍പ് 23ാം ജന്മദിനത്തിലാണ് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ(FTD) എന്ന അപൂര്‍വ്വ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. പ്രോട്ടീന്‍ മ്യൂട്ടേഷന്‍ മൂലമുണ്ടാകുന്ന ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ സാധാരണയായി 45 നും 65 നും ഇടയില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഒരു അപൂര്‍വ്വ രോഗമാണ്. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ പ്രായം കുറഞ്ഞ ആളുകളെ ബാധിക്കാറുള്ളൂ. യുകെയില്‍ ഡിമെന്‍ഷ്യ ബാധിച്ച 30 പേരില്‍ ഒരാള്‍ക്ക് ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. എം ആര്‍ ഐ സ്‌കാനിലൂടെയാണ് ആന്‍ഡ്രെ യാര്‍ഹാമിന്റെ തലച്ചോറിന് 70 വയസുള്ള ഒരാളുടെ തലച്ചോറിനോട് സാമ്യമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

അസുഖത്തിന് മുന്‍പ് വളരെ സാധാരണ ജീവിതം ജീവിച്ചിരുന്ന ആളായിരുന്നു ആന്‍ഡ്രെ. സ്‌കൂളില്‍ ഫുട്‌ബോള്‍ പ്ലയറും ഗുസ്തി താരവുമായിരുന്ന യാര്‍ഹാം കുറച്ചുകാലം ജോലിയും ചെയ്തിരുന്നു.എന്നാല്‍ സ്വയം എന്തോ കുഴപ്പം തോന്നിയതിനാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. 2022 ലാണ് യാര്‍ഹാമിന്റെ കുടുംബം ആദ്യമായി അയാളില്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. 23ാം പിറന്നാളിന് തൊട്ടുമുന്‍പാണ് രോഗനിര്‍ണയം നടത്തിയത്.ആ സമയത്ത് സംസാരശേഷി പൂര്‍ണമായി ഇല്ലാതാവുകയും ചലനശേഷി കുറയുകയും ചെയ്തു. ഭക്ഷണം കഴിക്കാനും കുളിക്കാനും വസ്ത്രം മാറാനും ആരുടെയെങ്കിലും സഹായം വേണ്ടിവന്നു. ആറ് മാസത്തിനിടയില്‍ പൂര്‍ണമായും അവശനാവുകയും ഡിസംബര്‍ 27 ന് അണുബാധയെത്തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ആന്‍ഡ്രെയുടെ മരണശേഷം കുടുംബം അയാളുടെ തലച്ചോര്‍ മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്തതായി മാതാവ് പ്രസില്ല ബേക്കണ്‍ പറഞ്ഞു.

ഓര്‍മശക്തിയെ ബാധിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തില്‍നിന്ന് വ്യത്യസ്തമായി വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങളിലൂടെയാണ് FTD പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്.
വൈകാരിക മാറ്റങ്ങള്‍, മറവി, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, സംസാരം മുഴുവിപ്പിക്കാനോ ശരിയായ വാക്ക് കണ്ടെത്താനോ ബുദ്ധിമുട്ടുക, സമയത്തെയും സ്ഥലങ്ങളെയും കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവുക.
വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങള്‍, വ്യക്തി ശുചിത്വം പാലിക്കാന്‍ മറന്നുപോവുക, അമിതമായി ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ താല്‍പര്യം തോന്നാതിരിക്കുക. ഭാഷാ പ്രശ്‌നങ്ങള്‍, സാവധാനമുള്ള സംസാരം, വാക്കുകള്‍ തെറ്റായ ക്രമത്തില്‍ ഉപയോഗിക്കുക അല്ലെങ്കില്‍ വാക്കുകള്‍ തെറ്റായി ഉപയോഗിക്കുക. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ശ്രദ്ധ തിരിക്കുക, ആസൂത്രണത്തിലും സംഘാടനത്തിലും ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ മാനസിക കഴിവുകളിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍.
Content Highlights :What is frontotemporal dementia (FTD)? What are the symptoms of frontotemporal dementia?