

തമിഴകത്ത് ഏറെ ചർച്ചയായ വേർപിരിയലായിരുന്നു സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറിന്റേതും ഗായിക സെെന്ധവിയുടേതും. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ജിവി പ്രകാശും സെെന്ധവിയും നിയമപരമായി വേർപിരിയുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് സൈന്ധവി.
ഇപ്പോൾ താനും ജിവി പ്രകാശും രണ്ട് വീട്ടിലാണ്. പിരിഞ്ഞെങ്കിലും ഇപ്പോഴും താനും ജിവി പ്രകാശും സുഹൃത്തുക്കളാണെന്ന് സെെന്ധവി പറയുന്നു. ദ ഹിന്ദു ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. 'ആരും വിവാഹം ചെയ്യുന്നത് ഡിവോഴ്സ് ആകാൻ വേണ്ടിയല്ല. പക്ഷെ ചില കാരണങ്ങളാൽ ഞങ്ങൾ വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. പിരിഞ്ഞ് സുഹൃത്തുക്കളായി തുടരാമെന്ന് ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചു. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. സംസാരിക്കാറുണ്ട്. പരസ്പരം വലിയ ബഹുമാനമുണ്ട്. ദേഷ്യമില്ല. പക്ഷെ തീർച്ചയായും ഏതൊരാളെയും വേർപിരിയൽ മാനസികമായി ബാധിക്കും. അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. തന്നെ സംബന്ധിച്ച് പോസിറ്റീവ് എനർജി മകൾ അൻവിയായിരുന്നു', സൈന്ധവിയുടെ വാക്കുകൾ.
'മകൾ ഇടയ്ക്ക് എന്റെയൊപ്പവും ഇടയ്ക്ക് ജിവിയുടെ ഒപ്പവും ആയിരിക്കും. ഞാൻ ഇവിടെ നിന്നും മകളോട് ഒരു നോ പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെയും നോ ആയിരിക്കും. അതാണ് നമ്മൾ ചർച്ച ചെയ്ത ആദ്യ കാര്യം. ഒരു കാര്യത്തിൽ അമ്മ നോ പറഞ്ഞാൽ അച്ഛനും നോ പറയും. നേരെ തിരിച്ചും. ഇവിടെ നടന്നില്ലെങ്കിൽ അവിടെ വെച്ച് കാര്യം നടത്താം എന്ന ഓപ്ഷൻ മകൾക്കില്ല', സൈന്ധവ കൂട്ടിച്ചേർത്തു. വിവാഹമോചനത്തിന് ശേഷവും ഇരുവരും കോൺസെർട്ടുകളിൽ ഒന്നിച്ചു പാടുകയും സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയൂം ചെയ്തിട്ടുണ്ട്.

പരാശക്തി ആണ് ജി വി പ്രകാശിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തുവന്ന സിനിമ. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
Content Highlights: Saindhavi talks about her divorce with GV Prakash Kumar