

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അത് ബങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസിൻ്റെ മുന്നറിയിപ്പ്.
പല രീതിയിലാണ് തട്ടിപ്പ് സംഘം പൊതുജനങ്ങളെ സമീപിക്കുന്നത്. കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന വാഗദാനം മുതല്‍ ഉയര്‍ന്ന ശമ്പളമുളള ജോലി വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായി ആകര്‍ഷകമായ പരസ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. സെര്‍ച്ച് എന്‍ജിനുകള്‍, തൊഴില്‍ പോര്‍ട്ടലുകള്‍, റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ വ്യാജ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളുടെ അതേ മാതൃകയില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചും തട്ടിപ്പ് സംഘം ഇരകളെ കെണിയില്‍ വീഴ്ത്തുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അജ്ഞാത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുത്. സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഉള്‍പ്പെടെ നഷ്ടമാകാന്‍ ഇത് കാരണമാകും. ആകര്‍ഷകമായ ഓഫറുകളിലും ജോലിവാഗ്ദാനങ്ങളിലും വിശ്വസിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പലര്‍ക്കും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും വിവിധ സേവനങ്ങള്‍ക്കുമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എടിഎം പിന്‍ നമ്പറുകള്‍, സെക്യൂരിറ്റി കോഡുകള്‍ എന്നിവ ഒരു കാരണവശാലും പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ലിങ്കുകളോ ഇടപാടുകളോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അബുദാബി പൊലീസിന്റെ സാമാര്‍ട്ട് ആപ്പിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍, എസ്എംഎസ് ,ഇ മെയില്‍ എന്നിവ വഴിയും വിവരങ്ങള്‍ കൈമാറാനാകും. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ബോധവത്ക്കരണ ക്യാമ്പയിനും അബുദാബി പൊലീസിന്റെ നേതൃത്വത്തില്‍ നടന്നു വരുകയാണ്.
Content Highlight: Abu Dhabi Police caution the public against clicking on unknown links, warning that such actions could lead to online scams and financial fraud.