

മലപ്പുറം: കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍. നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ജനസമ്പര്‍ക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത്തരം പ്രദേശങ്ങള്‍ കാടുമൂടി കിടക്കുകയാണെന്നും റെയില്‍വേ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
'പെണ്‍കുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ്. ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ മറ്റൊരു സ്‌കൂളുമുണ്ട്. ആണ്‍കുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പൊലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോള്‍ പൊലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്', നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
ആണ്‍കുട്ടി പ്രശ്‌നക്കാരന്‍ ആണെന്ന തരത്തിലുള്ള അഭിപ്രായമൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചാം തീയ്യതി മുതല്‍ ആണ്‍കുട്ടി ക്ലാസില്‍ വന്നിട്ടില്ലെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. പെണ്‍കുട്ടി വളരെ ആക്ടീവായ, പഠിക്കുന്ന കുട്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി ഇന്നലെ ക്ലാസില്‍ പോയില്ലെന്നും അവര്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ചെന്നായിരുന്നു ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ നിന്നും ഉയര്‍ന്ന മേഖലയില്‍ നിന്നായത് പൊലീസില്‍ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തില്‍ മുഴുവന്‍ മുറിവേറ്റ പാടുകളും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. കുട്ടിയുടെ സ്‌കൂള്‍ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഒടുവില്‍ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആണ്‍കുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ 16കാരന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ആണ്‍കുട്ടിയുള്ളത്.
കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
Content Highlights: Natives about 16 year old killed 14 year old in Malappuram Karuvarakkund