

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയം വഴങ്ങിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിന്റെ ഇന്നിങ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്കോട്ടിൽ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ സെഞ്ച്വറി നേടിയ രാഹുലിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. അഞ്ചാമതെത്തിയ താരം മത്സരത്തില്‍ 92 പന്തില്‍ പുറത്താവാതെ 112 റണ്‍സെടുത്തിരുന്നു. ഇന്ത്യയെ മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് ഈ ഇന്നിങ്സായിരുന്നു.
ഇപ്പോഴിതാ രാഹുലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം മുഹമ്മദ് കൈഫ്. രാഹുല്‍ ദ്രാവിഡിന് ശേഷം താന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ താരമാണ് രാഹുലെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. ദ്രാവിഡിനെ പോലെ ഇന്ത്യന്‍ ടീമിന് വേണ്ടി എന്ത് ദൗത്യം ചെയ്യാനും രാഹുല്‍ തയ്യാറാണെന്നും അവ പരാതിയില്ലാതെ ചെയ്യുമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
ടെസ്റ്റില്‍ ഓപ്പണറായും ഏകദിനത്തില്‍ മിഡില്‍ ഓര്‍ഡറിലും കളിക്കുന്ന രാഹുല്‍ ക്യാപ്റ്റനായും സ്ലിപ്പില്‍ ഫീല്‍ഡറായും തിളങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേയായിരുന്നു കൈഫിന്റെ വിശകലനം.
‘പ്രയാസമേറിയ ടെസ്റ്റ് ഫോർമാറ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ രാഹുലിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് സന്തോഷത്തോടെ ചെയ്തു. എന്നാല്‍ അതിനേക്കാള്‍ എളുപ്പമേറിയ ഏകദിനത്തില്‍ മിഡില്‍ ഓര്‍ഡറിലാണ് രാഹുൽ ബാറ്റ് ചെയ്യുന്നത്. ആ ദൗത്യവും അദ്ദേഹം വളരെ ഭംഗിയായി നിറവേറ്റുന്നുണ്ട്. ഒരു ‘ഫിനിഷറുടെ’ റോളില്‍ കളിച്ച് പുറത്താകാതെ നിന്ന് ഇന്ത്യയെ അവന് വിജയത്തിലെത്തിക്കുകയും ചെയ്യുന്നു.
വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേരത്തെ പുറത്തായാല്‍ പോലും അഞ്ചാം നമ്പറില്‍ എത്തി രാഹുല്‍ സെഞ്ച്വറി നേടുന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണാൽ ശാന്തമായി ബാറ്റുചെയ്ത് നിര്‍ണായക കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുകയും ചെയ്തു. മത്സരത്തെ കൃത്യമായി വിലയിരുത്താനും റണ്‍സ് ഉയര്‍ത്താനും രാഹുലിന് അറിയാം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ ടീമിനെ നയിച്ച രാഹുല്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് എത്തിച്ചു,’ കൈഫ് വീഡിയോയിൽ പറഞ്ഞു.
Content Highlights: Mohammad Kaif compares KL Rahul’s selfless batting approach to Rahul Dravid after 2nd ODI vs NZ