അട്ടപ്പാടി അഗളി പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് കോണ്‍ഗ്രസ്: പ്രസിഡന്‍റായി ഷിബു സിറിയക് തെരഞ്ഞെടുക്കപ്പെട്ടു

നേരത്തെ കോൺഗ്രസിൻ്റെ മെമ്പർ എല്‍ഡിഎഫ് പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡൻ്റായത് വലിയ വിവാദമായിരുന്നു

അട്ടപ്പാടി അഗളി പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് കോണ്‍ഗ്രസ്: പ്രസിഡന്‍റായി ഷിബു സിറിയക് തെരഞ്ഞെടുക്കപ്പെട്ടു
dot image

പാലക്കാട്: അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. കോൺഗ്രസിലെ ഷിബു സിറിയക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 10 വോട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് 9 വോട്ടും ലഭിച്ചു. നേരത്തെ കോൺഗ്രസിൻ്റെ മെമ്പർ എല്‍ഡിഎഫ് പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡൻ്റായത് വലിയ വിവാദമായിരുന്നു.

പഞ്ചായത്തിലെ 20-ാം വാര്‍ഡായ ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജുവായിരുന്നു കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായത്. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ല എന്ന് പറഞ്ഞായിരുന്നു കൂറുമാറ്റത്തെ മഞ്ജു ന്യായീകരിച്ചത്. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു അവകാശപ്പെട്ടു. എന്നാല്‍ കൂറുമാറ്റത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.

കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അല്ലെങ്കില്‍ തെറ്റ് തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ മഞ്ജു പ്രസിഡന്റ് പദവി ഒഴിയുകയായിരുന്നു.

Also Read:

അതേസമയം, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസത്തില്‍ നടന്ന അട്ടിമറി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി സീറോ മലബാര്‍ സഭയുടെ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലും രംഗത്ത് വന്നിരുന്നു. അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടയില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. അട്ടപ്പാടിയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും തത്വസംഹിതകള്‍ കാറ്റില്‍പറത്തിയെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടയില്‍ പറഞ്ഞു.

നടന്നത് ജനാധിപത്യ മര്യാദകളെ തകിടം മറിക്കുന്ന സംഭവമാണ്. നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്ന് വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നില്‍ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയി. ഒരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ജയിച്ച ഒരു മെമ്പര്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണമെന്നും ഫാദര്‍ സേവ്യര്‍ പറഞ്ഞു. കണ്‍മുന്നില്‍ നടക്കുമ്പോള്‍ ഇതെല്ലാം കണ്ടിട്ട് മിണ്ടാതിരുന്നാല്‍ നമ്മുടെ മനസാക്ഷിയുടെ മുന്നിലും ദൈവത്തിന്റെ മുന്നിലും തെറ്റുകാരാവുമെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടയില്‍ കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image