

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണന അവസാനിപ്പിക്കണമെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം അനുവദിക്കണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. എയിംസും വിമാനത്താവളവുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അനുവദിക്കപ്പെടുന്ന വരെയും സമരം തുടരും. കേന്ദ്ര അവഗണയ്ക്ക് എതിരെ മുൻപ് ഡൽഹിയിൽ സമരം നടത്തി. അന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. എന്നിട്ടും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല.
പഞ്ചാബ്, ഡൽഹിയിൽ നിന്നുള്ള നേതാക്കൾ അന്ന് സമരത്തിൽ അണിനിരന്നിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.
ദേശീയ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തുന്നതായിരിക്കും കേന്ദ്രസർക്കാരിനെതിരെയുള്ള സത്യാഗ്രഹമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും പ്രതികരിച്ചു. കോൺഗ്രസുകാർ ഡൽഹിയിലെത്തി കഴിഞ്ഞാൽ സംസ്ഥാനത്തിന് തുരങ്കം വെയ്ക്കുന്ന പദ്ധതികളുടെ ഭാഗമാകുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വിബി ജി റാം ജി ബില്‍ പാസാക്കിയതിന് ശേഷം പ്രധാനമന്ത്രിക്ക് ഒപ്പം ചായ സൽക്കാരത്തിൽ പങ്കെടുത്ത കോൺഗ്രസുകാരെയാണ് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന് എതിരെ രണ്ട് വർഷം മുൻപ് ഡൽഹിയിൽ സമാനമായ സമരം നടന്നു. അന്ന് പഞ്ചാബിൽ നിന്നും ഡൽഹിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ സമരത്തിൻ്റെ ഭാഗമായി. കേരളാ ഹൗസിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരു കോൺഗ്രസുകാരൻ പോലും ആ സമരത്തിൽ പങ്കെടുത്തില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യയുടെ ഫെഡറലിസം അപകടാവസ്ഥയിലാണെന്നും സ്വന്തമായി നിയമ നിർമ്മാണം നടത്താൻ പോലും സംസ്ഥാനങ്ങൾക്ക് കഴിയുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന് നീതി ലഭിക്കാനുള്ള പ്രക്ഷോഭമാണ് നടക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. യുപി ബിഹാർ സംസ്ഥാനങ്ങൾക്ക് കേരളത്തിനൊപ്പം എത്താൻ അഞ്ച് പതിറ്റാണ്ട് വേണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Content Highlight : CPI(M) Central Committee member KK Shailaja has said that the Centre should end its neglect of Kerala and grant the state what it deserves.