

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം മാറില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രവർത്തകരെ അറിയിച്ചു. മണ്ഡലം മാറ്റം മാധ്യമ വാർത്തകൾ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മലപ്പുറം, കുറ്റിപ്പുറം, വേങ്ങര എന്നീ മണ്ഡലങ്ങളില്‍ നിന്നായി കുഞ്ഞാലിക്കുട്ടി ആറ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70,381 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഐഎമ്മിന്റെ പി ജിജിയെയായിരുന്നു കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയിരുന്നു. ഗുരുവായൂരും തിരുവമ്പാടിയും ഉൾപ്പെടെ പരിഗണനയിലുണ്ടെന്നും ജയസാധ്യത നോക്കി മാറ്റംവരുത്തുമെന്നുമായിരുന്നു പിഎംഎ സലാം പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥ ഉണ്ടാകില്ല. ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ജില്ലാ കേന്ദ്രത്തിൽ അദ്ദേഹം മത്സരിക്കണമെന്നും സലാം പറഞ്ഞിരുന്നു. വേങ്ങര വിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചേക്കുമെന്ന മാധ്യമറിപ്പോർട്ടുകൾ ശരിവെയ്ക്കുന്നത് ആയിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. താൻ മത്സരിക്കുന്നുണ്ടെങ്കിൽ ജനറൽ സെക്രട്ടറി പദവി ഒഴിയുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.
യുഡിഎഫിന്റെ നയം പരമാവധി സീറ്റുകൾ നിയമസഭയിൽ നേടുക എന്നതാണെന്നും ആ നയത്തിന് അനുസൃതമായ ചർച്ചയിലേക്ക് എല്ലാ പാർട്ടികളും കടക്കും. അത്തരം ചർച്ചകളിൽ ഏതാണ് നല്ലതെന്ന് നോക്കും, അതിൽ ആർക്കും പിടിവാശികളില്ല. യുഡിഎഫിന്റെ വിജയത്തിന് എന്താണ് നല്ലതെന്ന് നോക്കി ഘടകകക്ഷികളായ പാർട്ടികൾ തീരുമാനം സ്വീകരിക്കും. അതിനോട് എല്ലാപാർട്ടികളും സഹകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
Content Highlight : PK Kunhalikutty will contest the assembly elections as a Muslim League candidate from Vengara. Kunhalikutty informed the workers that the constituency will not change.