

യുഎഇയില്‍ ജോലിചെയ്യുന്ന വലിയൊരു ശതമാനം ആളുകളും പുതുവര്‍ഷത്തില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. 10 ഏഴ് പേരും പുതിയ അവസരങ്ങള്‍ തേടുന്നതായാണ് സര്‍വെ വ്യക്തമാക്കുന്നത്. ഈ വര്‍ഷം യുഎഇയിലെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രമുഖ പ്രൊഫഷണല്‍ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേയിലാണ് പുതിയ ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതുവര്‍ഷത്തില്‍ 72 ശതമാനം ആളുകളും നിലവിലെ ജോലി മാറാന്‍ ആഗ്രഹിക്കുന്നതായി സര്‍വെ വ്യക്തമാക്കുന്നു. അതായത് പത്തില്‍ ഏഴ് പേരും പുതിയ ജോലി അന്വേഷിക്കുന്നു എന്ന് വ്യക്തം.
നേരത്തെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള ജോലികളില്‍ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ ജോലി കണ്ടെത്തുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് 65 ശതമാനം ജീവനക്കാരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉള്ളതിനാല്‍ ജോലി മാറ്റം എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് തൊഴിലന്വേഷകര്‍ വിലയിരുത്തുന്നത്.
അതിനിടെ ഒരു ഭാഗത്ത് ജീവനക്കാര്‍ തൊഴില്‍ മാറുമ്പോള്‍ മറ്റൊരു വശത്ത് വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് തൊഴിലുടമകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകളാണ് പുതുതായി യുഎഇയിലെത്തെത്തിയത്. ഇത് തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായാണ് വിലയിരുത്തല്‍. യുഎഇ ഇപ്പോള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് വലിയ പ്രധാന്യമാണ് നല്‍കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ വരാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയതായി യുഎഇയിലെ തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും അവസരങ്ങള്‍ക്ക് കുറവുണ്ടാകില്ല. 'ജോബ് മാച്ച്' പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ശരിയായ ജോലി വേഗത്തില്‍ കണ്ടെത്താനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
Content Highlights: The UAE job market is expected to undergo notable changes as a large section of the workforce is considering changing jobs. Recent trends indicate growing mobility among professionals, driven by evolving employment conditions, career expectations, and market opportunities across sectors.