

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്. കർശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബർ പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം എസിജെഎം കോടതി നോട്ടീസ് നൽകിയത്. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് വിളിച്ചെന്നും ഇത് യുവതിയിൽ ഭയവും മാനസിക സമ്മർദവും ഉണ്ടാക്കിയെന്നും തിരുവനന്തപുരം സൈബർ പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്. ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കും വിധം പ്രതികരണങ്ങൾ നടത്തിയെന്ന് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ചാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്.
ജാമ്യവ്യവസ്ഥ ലംഘിക്കും വിധം അതിജീവിതയെ അപമാനിച്ചു. ഇത് പൊതുസമൂഹത്തിൽ അതിജീവിതയ്ക്ക് അവഹേളനത്തിനും അപമാനത്തിനും ഇടയാക്കി. പരാതിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽനിന്നും അതിജീവിതയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാഹുൽ ഈശ്വറിന്റെ അപമാനിക്കലെന്നും അപേക്ഷയിൽ സിറ്റി സൈബർ പൊലീസ് പറയുന്നുണ്ട്.
അതേസമയം തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരെ താനും പരാതി നൽകിയെന്നാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. തനിക്കെതിരെ നിരന്തരം പരാതി നൽകി സ്വൈര്യ ജീവിതം നശിപ്പിക്കുകയാണ് അതിജീവിത. അതിജീവിത ഗൂഢാലോചന നടത്തിയെങ്കിൽ അന്വേഷിക്കണം. പത്താം തിയ്യതി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇതുവരെ നടപടി എടുത്തിട്ടില്ല. 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ നവംബർ 30നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുൽ നിരാഹാര സമരം നടത്തി. എന്നാൽ കോടതി രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച രാഹുൽ ഈശ്വർ സമൂഹമാധ്യമത്തിലെ പോസ്റ്റുകളടക്കം പിൻവലിക്കാമെന്നും പറഞ്ഞിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ചു. 16 ദിവസത്തിന് ശേഷം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കടുത്ത ജാമ്യവ്യവസ്ഥകളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlights : insult's Rahul mamkootathil case survivor; court issued notice to Rahul Easwar