'മകൻ എസ്പി ആയതിനാലാണോ ശങ്കർ ദാസിന്‍റെ അറസ്റ്റ് വൈകുന്നത്?'; ശബരിമല സ്വർണക്കൊള്ളയിൽ SITയെ വിമർശിച്ച് ഹൈക്കോടതി

എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇതിനോടൊന്നും യോജിക്കാനാവില്ലെന്നും ഹൈക്കോടതി

'മകൻ എസ്പി ആയതിനാലാണോ ശങ്കർ ദാസിന്‍റെ അറസ്റ്റ് വൈകുന്നത്?'; ശബരിമല സ്വർണക്കൊള്ളയിൽ SITയെ വിമർശിച്ച് ഹൈക്കോടതി
dot image

കൊച്ചി: ശബരിമ സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിവസം മുതല്‍ കെ പി ശങ്കര്‍ ദാസ് ആശുപത്രിയിലാണ്. മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തില്‍ നടക്കുന്നത്?. ഇതിനോടൊന്നും യോജിക്കാനാവില്ലെന്നും ഹൈക്കോടതി പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആദ്യഘട്ട ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേര് പരാമര്‍ശിച്ചതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. എ പത്മകുമാര്‍, മുരാരി ബാബു, ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുക എന്നതാണ് പോറ്റിയുടെ ലക്ഷ്യം. പത്മകുമാര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥാനത്തിരിക്കുന്ന ആളാണെന്നും ഹൈക്കോടതി പറഞ്ഞു.

Content Highlight; Why This Devaswom Board? High Court Tears Into Board Over Sabarimala Gold Theft

dot image
To advertise here,contact us
dot image