കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സത്യാഗ്രഹം ഇന്ന്

മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരപരിപാടിയിൽ പങ്കെടുക്കും

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സത്യാഗ്രഹം ഇന്ന്
dot image

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സത്യാഗ്രഹസമരം ഇന്ന്. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10ന് സത്യാഗ്രഹ സമരം ആരംഭിക്കും. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് അഞ്ച് വരെയാണ് സത്യാഗ്രഹം.

സത്യാഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ജനപ്രതിനിധികൾക്കൊപ്പം നാടൊന്നാകെ അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമായ ഇടപെടലുകളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതുമൂലമുണ്ടായ വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്തി സർക്കാരിനെയും നാടിനെയും ശ്വാസം മുട്ടിക്കാൻ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയർത്തി കഴിഞ്ഞു. നേട്ടങ്ങളുടെ കരുത്തിൽ മുന്നേറുന്ന കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം രാഷ്ട്രീയപ്രേരിതമാണ്. ജനകീയ വികസന പദ്ധതികൾ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. നാടിനെ മുന്നോട്ടു നയിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് സ്കോളർഷിപ്പ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമ പെൻഷൻ വിതരണം പോലുള്ള നടപടികളെയും തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ കേരളം ചെറുക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കുറിച്ചിരുന്നു.

Content Highlights : CM Pinarayi Vijayan lead the ldf protest against central government

dot image
To advertise here,contact us
dot image