

സുൽത്താൻ ബത്തേരി: വയനാട് സ്വദേശി കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷ് സുകുമാരൻ(38) ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിലും ഭാര്യ രേഷ്മ(34) നാട്ടിലെ വീട്ടിൽ ജീവനൊടുക്കിയതിലും ഗുരുതര ആരോപണവുമായി കുടുംബം. പലിശയ്ക്ക് പണം നൽകുന്നവരുടെ പങ്ക് ആരോപിച്ച് കുടുംബം പരാതി നൽകി. പണം നൽകിയവരുടെ ഭീഷണിയെ തുടർന്നാണ് മകളുടെ ആത്മഹത്യയെന്ന് കാണിച്ച് രേഷ്മയുടെ അമ്മ ഷൈലയാണ് സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് ഇസ്രയേലിൽവെച്ച് ജിനേഷിനെ അദ്ദേഹം ജോലി ചെയ്യുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിനേഷ് കെയർ ഗിവറായി ജോലി ചെയ്യുന്ന അതേ വീട്ടിൽ തന്നെയാണ് അദ്ദേഹത്തെയും വയോധികയായ വീട്ടുടമസ്ഥയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ കഴിഞ്ഞ 30നാണ് കോളിയാടിയിലെ വീട്ടിൽ രേഷ്മ ആത്മഹത്യ ചെയ്തത്.
കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജിനേഷ് ബീനാച്ചി സ്വദേശികളായ രണ്ടുപേരിൽനിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് കുടുംബത്തിന് ലഭിച്ച വിവരം. ഇത് പരാതിയിലും ഇവർ ഉന്നയിക്കുന്നുണ്ട്. ഈടായി ചെക്ക് ലീഫും മുദ്രപത്രങ്ങളും ജിനേഷിൽനിന്ന് ഒപ്പുവെച്ച് ഈടായി വാങ്ങിയിരുന്നു. പണം കടം തന്നവർ പറഞ്ഞതു പ്രകാരം ജിനേഷ് പതിനഞ്ച് ലക്ഷത്തിനടുത്ത് ചുള്ളിയോട് സ്വദേശിക്ക് നൽകിയിരുന്നു. ബാക്കിയുള്ള തുകയും പലപ്പോഴായി മടക്കി നൽകി. എന്നാൽ തനിക്ക് പണം ലഭിച്ചില്ലെന്നും ഇനിയും 20 ലക്ഷം കിട്ടാനുണ്ടെന്നും കാണിച്ച് ചുള്ളിയോട് സ്വദേശി ഈടായി കിട്ടിയ ചെക്ക് ലീഫ് ഉപയോഗിച്ച് കോടതിയെ സമീപിച്ചു. പണം കിട്ടിയില്ലെന്ന് കാണിച്ച് മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് ബീനാച്ചി സ്വദേശിയും കോടതിയെ സമീപിച്ചു. രണ്ട് കേസുകളിലും ജിനേഷും രേഷ്മയും സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പരാതിയിൽ പറയുന്നുണ്ട്.
കേസുകൾക്ക് പിന്നാലെ കോളിയാടിയിലെ ഇവരുടെ വീടും സ്ഥലവും അന്യായം ഫയലാക്കി അറ്റാച്ച് ചെയ്തിരിക്കയാണ്. ഇരുവർക്കും പത്തു വയസുള്ള മകളുണ്ട്. ഇരുവരുടെയും മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.നിലവിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം ഇപ്പോൾ ലഭിച്ച പരാതിയിൽ പറയുന്ന കാര്യങ്ങൾകൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights : wayanad native jinesh sukumaran and wife death; family claims blade mafia involvement