

കൊച്ചി: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിലായതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് എ കെ ഷാനിബ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായ സമയത്ത് ഉമ്മൻചാണ്ടി രാഹുലിനെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഉമ്മൻചാണ്ടിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന പ്രതികരണമാണ് അന്ന് ഷാഫി നടത്തിയത് എന്നും ഷാനിബ് വെളിപ്പെടുത്തി. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി എന്നും ഷാനിബ് വെളിപ്പെടുത്തി. ഈ നിമിഷം വരെയ്ക്കും തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല എന്നും ഷാനിബ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്ന ഷാനിബിന്റെ പ്രതികരണം.
യൂത്ത് കോൺഗ്രസിൽ ഭാരവാഹി ആയിരുന്ന സമയത്ത് ഞാൻ ഉൾപ്പെടെ കൂടെ ഉള്ള എല്ലാവരും തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികൾ ആയത്.എന്നാൽ ഇന്ന് നിരവധി ബലാത്സംഗ കേസിൽ പ്രതിയായ ഇയാൾ ഷാഫി പറമ്പിലിന്റെ പിന്തുണയോടെ നേരിട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആവുകയായിരുന്നു.അന്ന് മുതൽ ആ അധാർമികവും നീതി രഹിതവുമായ ഇടപെടലിന് എതിരെ ഞങ്ങൾ ശബ്ദമുയർത്തിയിരുന്നു.
പിന്നീട് ഇങ്ങോട്ട് സഹപ്രവർത്തകരായ നിരവധി സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും ഷാഫി അതിനോട് നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചർച്ച ഉയർന്നുവന്ന സമയം സാക്ഷാൽ ഉമ്മൻചാണ്ടി തന്നെ ഇയാളെ മാറ്റി നിർത്തണം എന്ന് നിർദേശിച്ചിരുന്നു.എന്നാൽ ഉമ്മൻചാണ്ടിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന പ്രതികരണം ആണ് ഷാഫി നടത്തിയത്. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി.
കോൺഗ്രസുകാരായ ഷഹനാസും,താര ടോജോ അലക്സും സജ്നയും ഒക്കെ ഈ വിഷയത്തിൽ പറയാൻ പറ്റുന്ന ഭാഷയിൽ അയാളെ കുറിച്ച് പറഞ്ഞിട്ടും നേരിട്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആക്കാനും, ചാനലുകളിൽ വിളിച്ച് ചർച്ചക്ക് വിളിപ്പിക്കാനും, പിന്നീട് ഉമ്മൻ ചാണ്ടിയെ അവഗണിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎൽഎ ആക്കാനും ഒക്കെ മുന്നിൽ നിന്നത് വടകര എംപി ഷാഫിയാണ് .ചാനൽ ഇന്റർവ്യു വിൽ എല്ലാം അയാളെ പെണ്ണു കെട്ടിക്കണം എന്നാലേ ശരിയാവൂ എന്ന് വഷളൻ ചിരിയിൽ പറയുന്നതും കേരളം കേട്ടിട്ടുണ്ട്. ഒരു പെൺകുട്ടി ഇവന്റെ വലയിൽ പെട്ട് വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച് ആ കാര്യത്തെ കുറിച്ച് ഷാഫിയോട് ചോദിച്ചപ്പോൾ വേറുതെ അബദ്ധത്തിൽ പോയി ചാടണ്ട എന്നും ഉപദേശിച്ചത്രേ.
നിരവധി പെൺകുട്ടികളെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് അറിയാൻ കഴിയുന്നത്. അതിൽ തന്നെ കൂടുതൽ കേസും ബലപ്രയോഗത്തിലൂടെയായിരുന്നു. പെൺകുട്ടികളുടെ മേലെ ചാടി വീണ് അവരെ ബലാൽസംഗം ചെയ്ത് അവരുടെ കഴുത്ത് പിടിച്ച് ശ്വാസം മുട്ടിക്കുക മുഖത്ത് അടിക്കുക മുഖത്തേക്ക് കാർക്കിച്ച് തുപ്പുക ഇതോക്കെയാണ് അയാളുടെ രീതി.
എല്ലാം അറിയുന്ന ഒരാൾ ആണ് ഷാഫി. ഇനി ഒന്നും അറിഞ്ഞിരുന്നില്ല എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെയും എല്ലാം പുറത്ത് വന്നതിന് ശേഷം എന്തായിരുന്നു നിലപാട് ? കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങി പ്രതിയുടെ ധാർമികതയെക്കുറിച്ചുള്ള പ്രസംഗം അല്ലേ നടത്തിയത് ?അയാൾ സ്വയം ധാർമികത ഉയർത്തിപ്പിടിച്ച് രാജിവെച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാൻ അല്ലേ ശ്രമിച്ചത് ? വി ഡി സതീശൻ ആദ്യം എല്ലാ പിന്തുണയും കൊടുത്തെങ്കിലും നിരവധി കോൺഗ്രസ് നേതാക്കളുടെ കാര്യങ്ങൾ അറിഞ്ഞതിന് ശേഷം സതീശനും പൂർണമായി കൈവിട്ടു .സ്വന്തം അസ്ഥിയിൽ തൊട്ടപ്പോ വി ഡി സതീശന് വേദനിച്ചു. അപ്പോഴെങ്കിലും നിലപാട് മാറ്റി എന്നത് നല്ല കാര്യം.
എന്നാൽ ആദ്യത്തെ പരാതിയിൽ തന്നെ ഇടപെട്ടിരുന്നു എങ്കിൽ അഞ്ചോ ആറോ പെൺകുട്ടികൾ എങ്കിലും രക്ഷപ്പെട്ട് പോയേനെ. ഷാഫി അപ്പോഴും കെ സിയെ കൂട്ട് പിടിച്ച് സതീശന് എതിരെ ഉള്ള നീക്കത്തിന് ഇറങ്ങുകയായിരുന്നു. എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നയാളാണ് ഷാഫി പറമ്പിൽ. പാലക്കാട് വീടുകളുടെ തറക്കല്ലിടൽ ഷോയിൽ വന്ന നടികളിൽ ഒരാൾ എനിക്ക് ഷാഫി ചേട്ടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ്. ഷാഫി ചേട്ടൻ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല. അതും ഇത്രയും വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കാലമാണ് എന്ന് കൂടി ഓർക്കണം.
പാലക്കാട്ടെ ഒരു കെപിസിസി ജനറൽ സെക്രട്ടറി ഷാഫിയുടെ നിർദ്ദേശം ഇല്ലാതെ ആ പരിപാടിയിൽ പങ്കെടുക്കുകയും ഇല്ല. ബലാൽസംഗക്കേസും ശബരിമലകേസും കൂട്ടിക്കുഴക്കാൻ ഏറ്റവും അധികം ശ്രമിച്ചയാളാണ് ഷാഫി. ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല. നിരവധി പെൺകുട്ടികൾ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും. ഈ ഒരൊറ്റ ക്രിമിനൽ കാരണം ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളേറെയാണ്. അച്ഛനും അമ്മയും അറിഞ്ഞാൽ അവർക്കിതൊന്നും താങ്ങാൻ കഴിയില്ല നെഞ്ച് തകർന്നു മരിച്ച് പോകും
എന്ന് നിലവിളിക്കുന്ന പെൺകുട്ടികൾ ഉണ്ട്.
അമ്മമാരോടാണ്, ഈ ക്രിമിനലുമായി ഏതെങ്കിലും വിധം ഇടപെടാൻ സാധ്യത ഉള്ള പെൺകുട്ടികളുടെ അമ്മമാരോടാണ് മക്കളെ അടുത്തിരുത്തി ചോദിക്കണം. എന്തെങ്കിലും സംഭവിച്ചാൽ തന്നെ അത് അവരുടെ കുറ്റമല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.
കൂടെ നിൽക്കും എന്ന് ഉറപ്പ് കൊടുക്കണം. കൂടെ നിൽക്കണം. സമാനമല്ലെങ്കിലും കേരളത്തിലെ ഒരു നടിക്ക് ഇത് പോലെ അതിക്രമം നേരിട്ടിട്ട് അവർ തല ഉയർത്തിപിടിച്ച് ജീവിക്കുന്നില്ലേ എന്ന് അവർക്ക് ധൈര്യം കൊടുക്കണം. പേപ്പട്ടി കടിച്ചതിന് കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ. കൂടെ നിൽക്കണം,അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരേ, കൂടെ നിൽക്കണം.
മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത രാഹുലിനെ നിലവിൽ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചിരുന്നു. ലൈംഗികശേഷി പരിശോധനയും നടത്തിയിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ സെൽ നമ്പർ മൂന്നിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്. സാധാരണയായി വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുക. എന്നാൽ ആശുപത്രിയിൽ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നിൽ കണ്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
Content Highlights: Shafi Parambil stood against Oommenchandy in support of rahul mamkoottathil at youth congress elections, says AK Shanib