

കോഴിക്കോട്: പാറോപ്പടി വാര്‍ഡിലെ പരാജയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കൗണ്‍സിലര്‍ കെ സി ശോഭിതയോട് വിശദീകരണം തേടി കോഴിക്കോട് ജില്ലാ നേതൃത്വം. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ചാണ് കെ സി ശോഭിതയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
പാറോപ്പടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്റെ ബാഗില്‍ കിടക്കുകയാണ്. അത് അന്വേഷിച്ച രണ്ടാള്‍ക്കും എനിക്കുമല്ലാതെ റിപ്പോര്‍ട്ടില്‍ എന്താണെന്ന് മറ്റാര്‍ക്കും അറിയില്ല. റിപ്പോര്‍ട്ടില്‍ എന്താണെന്ന് അറിയാതെ ഇത്തരം പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല. ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കെ സി ശോഭിതയുടെ നടപടി പൂര്‍ണ്ണമായും തെറ്റാണ്. തിരുത്തുമെന്നാണ് പ്രതീക്ഷ. വിശദീകരണം തേടും', പ്രവീണ്‍ കുമാര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാറോപ്പടി വാര്‍ഡിലെ പരാജയത്തില്‍ മാത്രം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം മനസ്സിലാവുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ തന്നെയും കുടംബത്തെയും വേട്ടയാടുകയാണെന്നുമായിരുന്നു മലാപ്പറമ്പ് ഡിവിഷനില്‍നിന്നു വിജയിച്ച കെ സി ശോഭിത ഫേസ്ബുക്കിലൂടെ ആരോപിച്ചത്. കെ സി ശോഭിതയുടെ ഭര്‍ത്താവായിരുന്നു പാറോപ്പടി വാര്‍ഡിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍.
'ബിസിനസ്സുമായി കഴിയുന്ന ഭര്‍ത്താവിനെ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി ചുമതലപ്പെടുത്തുകയായിരുന്നു. തോറ്റതിന് ശേഷം അദ്ദേഹത്തെ പഴിചാരാന്‍ ശ്രമം നടക്കുന്നു. ഒട്ടേറെ പ്രശ്നങ്ങള്‍ അവഗണിച്ചാണ് 15 വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്നത്. വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ തരുന്നില്ല', എന്നും കെ സി ശോഭിത കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും പുകച്ച് പുറത്ത് ചാടിക്കാനും ഇവര്‍ നടത്തുന്ന ശ്രമം പൊരുതി തോല്‍പ്പിച്ചേ പറ്റു. കാരണം ഞാന്‍ നേതാക്കളുടെ പെട്ടി തൂക്കി വന്ന ആളല്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അവിസ്മരണീയമായ പോരാട്ട പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിയ പ്രവര്‍ത്തകയാണെന്നും ശോഭിത പറഞ്ഞിരുന്നു.
Content Highlights: DCC President K Praveen Kumar seeks explanation From K C Shobitha