

മറ്റു സംവിധായകർക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമാണ് തനിക്ക് ലഭിക്കുന്നതെന്നും പ്രതിഫലത്തിലെ തുല്യതയ്ക്കായി താൻ എന്നും പോരാടുമെന്നും സംവിധായിക സുധ കൊങ്കര. 100 കോടി ഒരു സംവിധായകന് ലഭിക്കുമ്പോൾ തനിക്ക് കിട്ടുന്നത് വെറും 50 കോടിയാണ്. പ്രതിഫലത്തിന്റെ പേരിൽ നിരവധി സിനിമകൾ താൻ ഒഴിവാക്കിയിട്ടുണ്ടെന്നും അതിന്റെ പേരിൽ തർക്കങ്ങളും നടന്നിട്ടുണ്ട് എന്നും സുധ കൊങ്കര പറഞ്ഞു.
'ഒരു ആൺ സംവിധായകന് 100 കോടി പ്രതിഫലമായി ലഭിക്കുന്നിടത്ത് എനിക്ക് ലഭിക്കുന്നത് 50 കോടി മാത്രമാണ്. എനിക്ക് ലഭിക്കുന്ന പ്രതിഫലം വളരെ കുറവാണ്. എന്നാൽ ഇന്ന് ഞാൻ അതിനായി പോരാടുന്നുണ്ട്. അവർ ജോലി ചെയ്യുന്നതിന്റെ അത്രയും ഞാനും ജോലി എടുക്കുന്നുണ്ട്. അതുകൊണ്ട് പ്രതിഫലത്തിൽ തുല്യതയ്ക്കായി ഞാൻ പോരാടിക്കൊണ്ടിരിക്കും. ഞാനും സ്റ്റാറുകളുടെ സിനിമയാണ് എടുക്കുന്നത്, എന്റെ സിനിമ കാണാനും ആളുകൾ വരുന്നുണ്ട്. പ്രതിഫലത്തിന്റെ പേരിൽ നിരവധി സിനിമകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട്, അതിന്റെ പേരിൽ തർക്കങ്ങളും നടന്നിട്ടുണ്ട്.
നടിമാരോട് തുല്യ പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോൾ അവർ കാരണമല്ല പ്രേക്ഷകർ തിയേറ്ററിലേക്ക് വരുന്നത് എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഒരു സംവിധായികയോട് നിങ്ങൾ എന്ത് പറയും?. തമിഴിലെ ഒരു ലേഡി സൂപ്പർസ്റ്റാറിന്റെ പടത്തിന്റെ കളക്ഷൻ മറ്റു സൂപ്പർതാരങ്ങളുടെ സിനിമകളേക്കാൾ കൂടുതലായിരുന്നു. എന്നിട്ടും അവർക്ക് ലഭിക്കുന്നത് നടന്മാർക്ക് കിട്ടുന്നതിന്റെ നാലിൽ ഒന്ന് പ്രതിഫലം മാത്രമാണ്', സുധ കൊങ്കരയുടെ വാക്കുകൾ.
"If Male director is getting getting 100Crs salary, I'm getting 50Crs salary for the same film💸. I sit & fight for equality of pay👊. One Lady Superstar collection is much more than male actors, but she is getting 1/4 of pay👀🤔"
— AmuthaBharathi (@CinemaWithAB) January 9, 2026
- #SudhaKongarapic.twitter.com/fgJfDgpzNg

സുധ കൊങ്കര ഒരുക്കിയ പരാശക്തി നാളെ തിയേറ്ററുകളിൽ എത്തും. ശിവകാർത്തികേയൻ നായകനാകുന്ന സിനിമയിൽ രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.
Content Highlights: Sudha kongara talks about difference in payment and it's issues