രാഷ്ട്രീയ നേതാക്കൾ താത്കാലിക നേട്ടങ്ങൾക്കായി അതിരുകടന്ന് സംസാരിക്കരുത് ;കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയ്ക്ക് തിരൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയ നേതാക്കൾ താത്കാലിക നേട്ടങ്ങൾക്കായി അതിരുകടന്ന് സംസാരിക്കരുത് ;കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍
dot image

തിരൂര്‍: രാഷ്ട്രീയനേതാക്കളില്‍ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയ്ക്ക് തിരൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളില്‍ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും അധികാരത്തെയും മാത്രം മുന്‍നിര്‍ത്തി മനസ്സിലാക്കേണ്ട ഒന്നല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവതവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു.

നുഴഞ്ഞുകയറി വന്നാൽ വർഗീയത എളുപ്പം തിരിച്ചു പോകില്ലയെന്നും വർഗീയതയ്ക്ക് വള്ളക്കൂറുള്ള മണ്ണാവരുത് കേരളമെന്നും കാന്തപുരം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ താത്കാലിക നേട്ടങ്ങൾക്കായി അതിരുകടന്ന് സംസാരിക്കരുത്. അതിലൂടെ എക്കാലത്തേക്കുമായി നുഴഞ്ഞ് കയറിവരുന്നത് വർഗീയതയാണ്. വന്നു കഴിഞ്ഞാൽ അത് എളുപ്പം തിരിച്ചുപോകില്ല. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്നും കാന്തപുരം ഓർമപ്പെടുത്തി.

മന്ത്രി വി അബ്ദുറഹ്മാനാണ് കേരളയാത്ര സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തത്. കേരള മുസ്ലീം ജമാഅത്തിന്റെ കേരളയാത്ര വഴിയാത്രയല്ല വഴികാട്ടലാണെന്നും വിഭജന മന്ത്രം മുഴങ്ങുമ്പോൾ മൈത്രിയുടെ സന്ദേശവുമായി ഹൃദയങ്ങളുടെ ഉണർവ്വുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി, പി കെ കുഞ്ഞാലിക്കുട്ടി, കെ ടി ജലീൽ എംഎൽഎ, കുറുക്കോളി മൊയ്തീൻ എംഎൽഎ, പി ടി അജയ് മോഹൻ, അബ്ദുൽറഹ്‌മാൻ സഖാഫി, അബ്ദുസമദ് മുട്ടന്നൂർ എന്നിവർ പ്രസംഗിച്ചു.

Content Highlight : Political leaders should not talk excessively for temporary gains; Kanthapuram AP Abubacker Musliyar

dot image
To advertise here,contact us
dot image