അന്ന് പറഞ്ഞതിന് ഇന്ന് എന്താണ് പ്രസക്തി? അന്നത്തെ ലീഗോ കോണ്‍ഗ്രസോ അല്ല ഇന്ന്; മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞത് അന്നത്തെ സാഹചര്യമാണ്. അതിന് ഇന്ന് എന്താണ് പ്രസക്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു

അന്ന് പറഞ്ഞതിന് ഇന്ന് എന്താണ് പ്രസക്തി? അന്നത്തെ ലീഗോ കോണ്‍ഗ്രസോ അല്ല ഇന്ന്; മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല
dot image

കൊച്ചി: മലബാറില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റ് കൊടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞതിനെ പിന്തുണച്ചിരുന്ന നേതാവാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സി കെ ഗോവിന്ദന്‍ നായരുടെ അനുസ്മരണ ചടങ്ങില്‍ അദ്ദേഹത്തിന്റെ നിലപാടാണ് താന്‍ പ്രസംഗിച്ചത്. സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞത് അന്നത്തെ സാഹചര്യമാണ്. അതിന് ഇന്ന് എന്താണ് പ്രസക്തിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വി 'നേരോ നേതാവേ' എന്ന അഭിമുഖ പരിപാടിയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'കെപിസിസി പ്രസിഡന്റ് ആയിരുന്ന സി കെ ഗോവിന്ദന്‍ നായര്‍ അറുപതുകളിലായിരുന്നു ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയില്‍ സ്വാഭാവികമായും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറയില്ലേ. അറുപതുകളിലെ രാഷ്ട്രീയവും 2025ലെ രാഷ്ട്രീയവും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടെന്ന് അറിയാത്തയാളൊന്നുമല്ല കേരളത്തിന്റെ മുഖ്യമന്ത്രി. അന്ന് അദ്ദേഹമെടുത്ത നിലപാടുകളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇത് പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത് ബിജെപിയുടെ വോട്ട് വാങ്ങി കൂത്തുപറമ്പില്‍ 5,000 വോട്ടിന് ജയിച്ചയാളാണ് ഇദ്ദേഹം. 78 ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ജനതാപാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ അതിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍. അതില്‍ ആര്‍എസ്എസും ബിജെപിയും ഉണ്ടായിരുന്നു. എല്‍കെ അദ്വാനി വന്ന് പ്രസംഗിച്ചിട്ടുണ്ട് ഇവര്‍ക്ക് വേണ്ടി. ഉദുമ തെരഞ്ഞെടുപ്പില്‍ ഇഎംഎസ് പോയി കെ ജി മാരാര്‍ക്ക് വോട്ട് പിടിച്ചതാണ്. ഇതൊക്കെ ചരിത്രം മറക്കരുത്. ഞങ്ങള്‍ ആരും ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ വോട്ട് വാങ്ങി ജയിച്ചിട്ടില്ല. ഇവര്‍ കൂട്ടുകെട്ട് ഉണ്ടാക്കി ജയിച്ചവരാണ്. ചരിത്രം മുഖ്യമന്ത്രി മറക്കരുത്', രമേശ് ചെന്നിത്തല പറഞ്ഞു.

'മാറാട് കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞല്ലോ, ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം ഭരിച്ചിട്ട് ഇവിടെ ഏത് കലാപമാണ് ഉണ്ടായത്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഏത് കലാപം ആണ് ഉണ്ടായത്. എല്ലാദിവസവും പത്ത് മണിക്കെടുത്ത് നോക്കിയാല്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍, അക്രമങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍…ഇതൊക്കെ കേരളത്തിലാണ്', രമേശ് ചെന്നിത്തല പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്ന് ഉച്ചയ്ക്ക് 12.30 ന് റിപ്പോര്‍ട്ടര്‍ ടി വിയില്‍ കാണാം.

മലബാറില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റ് കൊടുക്കുന്നതിനെതിരെ നിലപാടെടുത്ത നേതാവാണ് സി കെ ഗോവിന്ദന്‍ നായരെന്ന് അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയില്‍ പറഞ്ഞയാളാണ് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 'സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് പില്‍ക്കാലത്ത് തെളിഞ്ഞെന്നും അന്ന് ചെന്നിത്തല പറഞ്ഞിരുന്നു. വര്‍ഗീയശക്തികളുമായും സാമുദായിക സംഘടനകളുമായും ഒരു ലക്ഷ്മണരേഖ വേണമെന്ന സി കെ ഗോവിന്ദന്‍ നായരുടെ പ്രസ്താവനയെ ഉയര്‍ത്തിപ്പിടിക്കുകയാണ് അന്ന് ചെന്നിത്തല ചെയ്തത്. അതേ ചെന്നിത്തലയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫില്‍ അണിനിരത്താന്‍ നേതൃസ്ഥാനത്തുള്ളത്' മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: Ramesh Chennithala Reply to CM Pinarayi Vijayan over C K Govindan Nair Statement

dot image
To advertise here,contact us
dot image