

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് പിന്നാലെ വിരമിച്ച ഉസ്മാൻ ഖവാജയ്ക്കായി ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. താരത്തെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ടിയാണ് ഓസീസ് ടീം തങ്ങളുടെ സ്വതസിദ്ധമായ ഷാംപെയ്ൻ ആഘോഷം വേണ്ടെന്നുവെച്ചത്.
പാകിസ്താൻ വംശജനും ഇസ്ലാം മതവിശ്വാസിയുമായ ഖവാജ മതപരമായ കാരണങ്ങളാൽ മദ്യം ഉൾപ്പെടുന്ന ആഘോഷങ്ങളിലൊന്നും പങ്കെടുക്കാറില്ല.
ഇത്തവണ ആഷസിൽ ഇംഗ്ലണ്ടിനെ 4-1ന് തകർത്ത ശേഷം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഓസീസ് ടീമും ഷാംപെയ്ൻ കുപ്പികൾ പൊട്ടിക്കാതെ വിജയം ആഘോഷിക്കുകയായിരുന്നു. ഖവാജ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം വേദിയിലേക്ക് കയറി ട്രോഫിയുമായി വിജയം ആഘോഷിക്കുകയും ചെയ്തു.
88 ടെസ്റ്റിൽ നിന്ന് 6,229 റൺസുമായി ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ 15-ാമത്തെ കളിക്കാരനായാണ് ഖവാജ തന്റെ ഓസീസ് കരിയർ അവസാനിപ്പിച്ചത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലണ്ട് ടീം അവസാന മത്സരത്തിൽ താരത്തെ സ്വീകരിച്ചത്.
സിഡ്‌നി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഓസ്‌ട്രേലിയ ആഷസ് പരമ്പര 4-1ന് ആധികാരികമായി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 31.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
Content Highlights- khawaja farewell australia skip champagne celebration in ashes