

ആലപ്പുഴ: അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാനുള്ള കുഞ്ഞു ഗൗരിയുടെയും ശരണ്യയുടെയും ആഗ്രഹം അധികം താമസിയാതെ സഫലമാകും. മൂന്ന് മാസത്തിനകം വീട് നിർമ്മിച്ചുനൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് കെ സി വേണുഗോപാൽ എം പി.
കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ വീട്ടിലെ സാമ്പത്തിക പ്രതിസന്ധിമൂലം എൽ ഇ ഡി ബൾബുകൾ നിർമ്മിച്ച് അച്ഛനെ സഹായിക്കുകയാണ് അഞ്ചാം ക്ലാസ്സുകാരി ഗൗരിയും രണ്ടാം ക്ലാസ്സുകാരി ശരണ്യയും. ഈ കുഞ്ഞു സഹോദരിമാരുടെ വാർത്ത മാധ്യമ ശ്രദ്ധ നേടിയതോടെയാണ് കെ സി വേണുഗോപാൽ എം പിയുടെ ഇടപെടൽ. മണ്ണഞ്ചേരി പൊന്നാട് വിജയവിലാസം ക്ഷേത്രത്തിനു സമീപം വാത്തിശ്ശേരിയിൽ വി ജി ഗവേഷിന്റെ മക്കളാണ് ഇരുവരും.
രണ്ട് വർഷമായി വീട്ടിൽ ഇലക്ട്ര പവർ ഡിവൈസസ് എന്ന ചെറുകിട യൂണിറ്റ് നടത്തുകയാണ് ഗവേഷ്. മുൻപ് ഇലക്ട്രിക് ജോലികൾ ചെയ്തുവരുകയായിരുന്ന ഗവേഷ് വലിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാതോടെയാണ് കുടുംബം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇതോടെ വീട് നിർമ്മാണം പാതിവഴിയിൽ മുടങ്ങി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി അച്ഛനെ സഹായിക്കാൻ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു മുഹമ്മ ആര്യക്കര എ ബി വിലാസം സ്കൂളിലെ വിദ്യാർത്ഥിനിയായ കുഞ്ഞു ഗൗരി.
മൂന്ന് വർഷമായി വാടക വീട്ടിൽ കഴിയുന്ന കുഞ്ഞു സഹോദരിമാരുടെ വീട് മാധ്യമ വാർത്തകളെ തുടർന്ന് കെ സി വേണുഗോപാൽ എം പി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാഗ്ദാനം ചെയ്തത്. മുടങ്ങി കിടക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. കൂടാതെ ഗവേഷിന്റെ തുടർചികിത്സക്കും കെ സി വേണുഗോപാൽ എം പി സഹായം ഉറപ്പുനൽകിയിട്ടുണ്ട്.
Content Highlight: Little Gauri and Saranya's dream for a secure home will soon become a reality. K.C. Venugopal MP has assured that a house will be constructed for them within three months. These little sisters were making LED bulbs to support their father due to the family's financial crisis and is being often highlighted in the medias.