

മലപ്പുറം: എസ്എഫ്ഐ പ്രവര്‍ത്തകരെ ചേളാരി ഡിഎംസ് ആശുപത്രിയില്‍ കയറി എംഎസ്എഫ് പ്രവര്‍കത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ആശുപത്രി നല്കിയ കേസ് പിന്‍വലിച്ചതില്‍ എസ്എഫ്ഐയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. ജസീല്‍ പറമ്പന്‍ രംഗത്ത്. ഒരു കേസ്സിന് അതിന്റേതായ നിയമപരമായ നടപടിക്രമങ്ങളുണ്ട്. അതിന് കൃത്യമായ നിയമവ്യവസ്ഥകളുമുണ്ട്. ഒരു അഭിഭാഷകന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി നിയമനടപടികളെ സംശയത്തിന്റെ നിഴലിലാക്കുന്നത് ശരിയല്ല എന്നാണ് അഡ്വ. ജസീല്‍ പറമ്പന്‍ വ്യക്തമാക്കുന്നത്. . കേസ് പിന്‍വലിക്കുന്നതില്‍ ഡിഎംഎസ് ആശുപത്രിക്ക് വേണ്ടി ഹാജാരായത് ജസീല്‍ പറമ്പനായിരുന്നു. ഇതില്‍ എസ്എഫ്ഐ കടുത്ത വിമര്‍ശനം ഉയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഡ്വ. ജസീല്‍ പറമ്പന്‍ നിലപാട് വ്യക്തമാക്കിയത്
എംഎസ്എഫ് നേതാവായ ഒരാള്‍ അഭിഭാഷകനാകുന്നത് കുറ്റമല്ല. രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന കാരണത്താല്‍ ഒരാള്‍ക്ക് നിയമവൃത്തിയില്‍ നിന്ന് മാറിനില്‍ക്കേണ്ട കാര്യവുമില്ല. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയും. നിയമം പറയേണ്ടിടത്ത് നിയമവും പറയും. രണ്ടും കൂട്ടിക്കുഴച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എന്നത് പരസ്യമായ രാഷ്ട്രീയ നിലപാടാണ്. അതോടൊപ്പം അഭിഭാഷകനാണ് എന്നത് തന്റെ പ്രൊഫഷണല്‍ ഉത്തരവാദിത്തവുമാണ്. ഈ രണ്ട് നിലപാടുകളെയും വേര്‍തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എസ്എഫ്ഐ നേതാക്കള്‍ക്കുണ്ടാകണമെന്നും ജസീല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആരോപണങ്ങളുണ്ടെങ്കില്‍ തെളിവുകള്‍ പുറത്തുവിടുക. നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയില്‍ ചോദ്യം ചെയ്യുക. അല്ലാതെ ഒരാളുടെ രാഷ്ട്രീയ സംഘടനയുടെ പേര് ചേര്‍ത്ത് അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ വിശ്വാസ്യതയെ തകര്‍ക്കാമെന്ന് കരുതേണ്ട. ക്യാമ്പസുകളില്‍ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തവരെ വ്യക്തിപരമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് നേരിടാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫിന്റെ രാഷ്ട്രീയം പറയാന്‍ തനിക്ക് സംഘടനയുണ്ട്. നിയമം പറയാന്‍ തനിക്ക് നിയമബോധ്യവുമുണ്ട്. രണ്ടിനെയും നേരിടാന്‍ കഴിയാത്തവര്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കേണ്ടതില്ല. രാഷ്ട്രീയമായി സംവദിക്കാന്‍ തയ്യാറാണ്. നിയമപരമായി നേരിടാനും തയ്യാറാണ്. അഭിഭാഷകന്റെ കറുത്ത കോട്ടിനെ രാഷ്ട്രീയ ആരോപണങ്ങള്‍ കൊണ്ട് വലിച്ച് കീറാമെന്ന് ആരും കരുതേണ്ട എന്നായിരുന്നു അഡ്വ. ജസീല്‍ പറമ്പൻ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കെത്തിയ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ ആക്രമണത്തില്‍ മുന്‍ നിലപാട് തിരുത്തി കേസ് പിന്‍വലിക്കുന്നതായി ഡിഎംഎസ് ആശുപത്രി കോടതിയെ അറിയിച്ചത്. ആശുപത്രിയില്‍ ആരും ആക്രമിക്കപ്പെട്ടില്ലെന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ആശുപത്രിയുടെ പുതിയ നിലപാട്. എന്നാല്‍ ഇത് മലപ്പുറത്തെ ലീഗ് മന്ത്രിമാരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. കൂടാതെ സത്യങ്മൂലത്തിലെ ഒപ്പ് വ്യാജമാണെന്നും ആരോപണമുയര്‍ന്നു. ആശുപത്രിക്ക് വേണ്ടി കോടതിയില്‍ ഹാജരായ ജസീല്‍ പറമ്പനെതിരെയും എസ്എഫ്ഐ വിമര്‍ശനമുയര്‍ത്തിയിരുന്നു.
Content Highlights: MSF leader and advocate Jaseel Paramban has responded to SFI's criticism over the withdrawal of a case filed by DMS Hospital in Chelari. The case was related to an incident in which MSF workers allegedly entered the hospital and attacked SFI activists. Paramban said every case has its own legal procedures and that questioning legal proceedings based on an advocate's political background is inappropriate. He had represented DMS Hospital in the case withdrawal process, drawing criticism from SFI.