സിസ തോമസിന്റെ നുണ റോജി എം ജോണ്‍ ആവര്‍ത്തിക്കുന്നു, മമ്മൂട്ടി CPIM അംഗമല്ല, നടന്‍: ആദർശ് എം സജി

'വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാന്‍ റോജി എം ജോണ്‍ ശ്രമിക്കുകയാണ്'

സിസ തോമസിന്റെ നുണ റോജി എം ജോണ്‍ ആവര്‍ത്തിക്കുന്നു, മമ്മൂട്ടി CPIM അംഗമല്ല, നടന്‍: ആദർശ് എം സജി
ശിശിര എ വൈ
1 min read|14 Nov 2026, 11:06 pm
dot image

കൊച്ചി: സര്‍വകലാശാലകളില്‍ സംഘപരിവാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് റോജി എം ജോണ്‍ നടത്തുന്നതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി. സിസ തോമസ് എന്ത് നുണയാണോ ആവര്‍ത്തിക്കുന്നത്, ആ നുണ തന്നെ ആവര്‍ത്തിക്കുകയാണ് അദ്ദേഹമെന്നും ആദര്‍ശ് റിപ്പോര്‍ട്ടര്‍ പൊളിയൂത്തില്‍ പ്രതികരിച്ചു.

ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കളും മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ആദര്‍ശ് നിലപാട് വ്യക്തമാക്കി. മമ്മൂട്ടി ഒരു നടനാണെന്നും സിപിഐഎം അംഗമല്ലെന്നുമായിരുന്നു ആദര്‍ശ് പ്രതികരിച്ചത്. നടനെന്ന നിലയിലെ ബഹുമാനം അദ്ദേഹത്തിനോടുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ സ്‌പെയ്‌സില്‍ നിലപാടുകള്‍ സ്വീകരിക്കും. സൈബര്‍ സ്‌പെയ്‌സിലുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പറയട്ടെയെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.

ആദര്‍ശ് എം സജിയുടെ വാക്കുകള്‍

സംഘപരിവാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് റോജി എം ജോണ്‍ നടത്തുന്നത്. സിസ തോമസ് എന്ത് നുണയാണോ ആവര്‍ത്തിക്കുന്നത്, ആ നുണ ആവര്‍ത്തിക്കുകയാണ് റോജി എം ജോണ്‍. നിരാഹാര സമരം അപരിഷ്‌കൃതമാണോ? വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യമാണ് അവിടെ ഉന്നയിച്ചത്. കേരളത്തിനകത്ത് സംഘപരിവാറിനെ പ്രതിരോധിക്കുകയും, അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന കാരണത്താല്‍ ആര്‍എസ്എസ് നോമിനിയായ സിസ തോമസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ റോജി എം ജോണിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പുറത്തിരുത്തുന്നു.

ഇന്നലെവരെ എസ്എഫ്‌ഐക്ക് ഒപ്പം നില്‍ക്കാത്തവര്‍ പോലും ഇന്ന് എസ്എഫ്‌ഐക്കൊപ്പം നിന്ന് കാലടിയിലെ സമരത്തിന് പിന്തുണ നൽകുകയാണ്. ഒരു അക്രമ സമരവും അവിടെ നടന്നിട്ടില്ല. ഈ സമരം വിജയിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല. ഇന്ത്യന്‍ ഹിറ്റ്‌ലറായ മോദിയുടെ സന്തത സഹചാരിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിരോധിച്ചതിന്റെ ഭാഗമായി രാജിവെച്ചു. കേരളത്തിലെ ധര്‍മേന്ദ്ര പ്രധാനായി റോജി എം ജോണ്‍ മാറി.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാന്‍ റോജി എം ജോണ്‍ ശ്രമിക്കുകയാണ്. ഇതിന് എല്ലാ ആശീര്‍വാദവും കേരളത്തിലെ മോദിയായ വി ഡി സതീശന്‍ നല്‍കുകയാണ്. സംഘപരിവാറിന് കീഴ്‌പ്പെടുകയും, വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം സംഘപരിവാര്‍ അജണ്ടയുമായി മുന്നോട്ട് പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുക തന്നെ ചെയ്യും.

മമ്മൂട്ടി ഒരു നടനാണ്. നടനെന്ന നിലയിലെ ബഹുമാനം അദ്ദേഹത്തിനോടുണ്ട്. അദ്ദേഹം സിപിഐഎം അംഗമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ സ്‌പെയ്‌സില്‍ നിലപാടുകള്‍ സ്വീകരിക്കും. നടനെന്നുവെച്ച് അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ല. സംവാദങ്ങളുണ്ടാകട്ടെ.. സൈബര്‍ സ്‌പെയ്‌സിലുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു..

Content Highlights: Adarsh M Saji alleges that Roji M John is intervening in universities to implement decisions of the Sangh Parivar

dot image
To advertise here,contact us
dot image